'മോദി നയിക്കുന്ന പുതിയ ഇന്ത്യക്ക് മദ്റസകളല്ല ആവശ്യം; ഡോക്ടര്‍മാരേയും എഞ്ചിനീയര്‍മാരേയും ഉത്പാദിപ്പിക്കുന്ന ആധുനിക കോളജുകളാണ്' വിദ്വേഷം വിളമ്പി ഹിമന്ത ബിശ്വ ശര്‍മയും
മുസഫര്‍പുര്‍: പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പിന്നാലെ വിദ്വേഷ പരാമര്‍ശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും. രാജ്യത്ത് മതപഠനവ കേന്ദ്രങ്ങളായ മദ്റസകള്‍ ആവശ്യമില്ലെന്നാണ് ഹിമന്ത പറയുന്നത്.
'പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന ആധുനിക ഇന്ത്യക്ക് മദ്റസകള്‍ ആവശ്യമില്ല. ഡോക്ടര്‍മാരെയും എന്ജിനീയര്മാരെയും ഉല്പാദിപ്പിക്കുന്ന ആധുനിക സര്‍വകലാശാലകളാണ് ഇന്ത്യക്ക് ആവശ്യം. മദ്റസകളില്‍ നിന്നുള്ള മൊലവിമാരല്ല' അസം മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുസഫര്‍പൂരിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് ഹിമന്തയുടെ പരാമര്‍ശം.
400ലേറെ സീറ്റുകള്‍ നേടി എന്‍.ഡി.എ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുകയാണെങ്കില്‍ മധുരയിലും വാരണാസിയിലും വലിയ ക്ഷേത്രങ്ങള്‍ നിര്‍മിക്കുമെന്നും ഏകസിവില്‍കോഡ് നടപ്പാക്കുമെന്നും ഹിമന്ത പറഞ്ഞു.
400 ലേറെ സീറ്റുകള്‍ നേടിയാല്‍ ഞങ്ങള്‍ ഏകസിവില്‍ കോഡ് നടപ്പാക്കും. കൃഷ്ണന് ജനിച്ച മഥുരയിലും കാശിയിലും വലിയ ക്ഷേത്രങ്ങള്‍ നിര്‍മിക്കും. ഗ്യാന്‍വാപി പള്ളി നിലനില്‍ക്കുന്ന വാരണാസിയിലും ക്ഷേത്രം പണിയും. രാമക്ഷേത്ര പ്രതിഷ്ഠയില്‍ പോലും പങ്കെടുക്കാത്തവരാണ് ലാലു പ്രസാദ് യാദവും രാഹുല്‍ ഗാന്ധിയും. രാമവിഗ്രഹത്തെ ടെന്റിലേക്ക് മാറ്റുകയാണ് അവരുടെ ലക്ഷ്യം. അങ്ങനെയൊരിക്കലും സംഭവിക്കാന്‍ പാടില്ല. നാം അത് അനുവദിച്ചുകൊടുക്കരുത്. ഒ.ബി.സി വിഭാഗങ്ങളുടെ കടുത്ത ശത്രുവാണ് ആര്.ജെ.ഡിയെന്നും ഹിമന്ത ആരോപിച്ചു. 400 സീറ്റ് നേടിയാല്‍ പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വരുമെന്നും ഹിമന്ത പറഞ്ഞു.
മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം നല്‍കുന്നത് പാകിസ്താനിലാണ്. ഇന്ത്യയിലല്ല. മുസ്ലിംകള്ക്ക് സംവരണം നല്‍കുകയാണ് ലക്ഷ്യമെങ്കില്‍ ലാലു പാകിസ്താനിലേക്ക് പോകണം. എന്‍.ഡി.എ ഒരുതരത്തിലും അത് അനുവദിക്കില്ല. രാഹുല്‍ ഗാന്ധി ഒരിക്കലും പ്രധാനമന്ത്രിയാകില്ല. പ്രധാനമന്ത്രിയാകണമെങ്കില്‍ അദ്ദേഹം പാകിസ്താനില്‍ പോയി മത്സരിക്കേണ്ടി വരും. പ്രീതിപ്പെടുത്തല്‍ രാഷ്ട്രീയമാണ് രാഹുലിന്റെയും സംഘത്തിന്റെതുമെന്നും ഹിമന്ത പരിഹസിച്ചു. മുസഫര്‍പൂരില്‍ മേയ് 20നാണ് വോട്ടെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."