' ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താല്‍ നൂറ് കെജ്‌രിവാളുമാര്‍ ജന്മമെടുക്കും; എ.എ.പി പ്രതിഷേധമാര്‍ച്ച് പൊലിസ് തടഞ്ഞു, ഉന്തും തള്ളും
ന്യൂഡല്‍ഹി: ബി.ജെ.പി ആസ്ഥാനത്തേക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി നടത്തുന്ന പ്രതിഷേധ മാര്‍ച്ച് പൊലിസ് തടഞ്ഞു. ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാനുള്ള 'ഓപ്പറേഷന്‍ ഝാഡൂ'വിന്റെ ഭാഗമായാണ് നേതാക്കളെ അറസ്റ്റ് ചെയ്യുന്നതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താല്‍ ആയിരം കെജ്രിവാള്‍ ജനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എഎപി നേതാക്കളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി നിരന്തരം വേട്ടയാടുന്നു എന്നാരോപിച്ചാണ് 'ജയില്‍ ഭാരൊ' എന്ന് പേരില്‍ പ്രതിഷേധം നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ച് അദ്ദേഹത്തിന്റെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി ബിഭവ് കുമാര്‍ തന്നെ മര്‍ദിച്ചെന്ന എഎപി രാജ്യസഭ എംപി സ്വാതി മലിവാളിന്റെ പരാതിയില്‍ കഴിഞ്ഞദിവസം ബിഭവിനെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്, എഎപി മാര്‍ച്ച് പ്രഖ്യാപിച്ചത്.
''സ്വാതി മലിവാള്‍ കേസിലെ അറസ്റ്റ് വ്യക്തമാക്കുന്നത് ബിജെപി എഎപിയെ ലക്ഷ്യമിടുന്നുവെന്നാണ്. അവര്‍ സഞ്ജയ് സിങ്ങിനെ ജയിലിലടച്ചു. ഇന്ന് അവര്‍ എന്റെ പിഎയെ അറസ്റ്റ് ചെയ്തു. രാഘവ് ഛദ്ദ ലണ്ടണില്‍ നിന്ന് മടങ്ങിയെത്തിയിട്ടുണ്ട്. ചിലര്‍ പറയുന്നു രാഘവ് ഛദ്ദയേയും അറസ്റ്റ് ചെയ്യുമെന്ന്. ഇനി അതിഷിയും സൗരഭ് ഭരദ്വാജുമാണുള്ളത്'', ബിഭവിന്റെ അറസ്റ്റിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെജ്‌രിവാള്‍ പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. ''എഎപിയുടെ വളര്‍ച്ചയില്‍ മോദിക്ക് ആശങ്കയാണ്. അതിന്റെ ഭാഗമായാണു തന്നെയും മനീഷ് സിസോദിയെയും ജയിലില്‍ അടച്ചത്. ഡല്‍ഹിയിലും ഹരിയാനയിലും നല്ല ഭരണം നടത്താന്‍ ആം ആദ്മി പാര്‍ട്ടിക്ക് മാത്രമേ സാധിക്കുകയുള്ളൂ. ബിജെപിക്ക് അതിനു കഴിയില്ല. വരുംകാല രാഷ്ട്രീയത്തില്‍ ബിജെപിയുടെ ഏറ്റവും വലിയ എതിരാളിയായി ആം ആദ്മി പാര്‍ട്ടി മാറുമെന്ന ബോധ്യം പ്രധാനമന്ത്രിക്കുണ്ട്. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ ദരിദ്രര്‍ക്ക് രാജ്യം മുഴുവന്‍ സൗജന്യമായി വൈദ്യുതി വിതരണം ചെയ്യും. ആയിരം രൂപ വീതം വനിതകള്‍ക്ക് അവരുടെ അക്കൗണ്ടുകളില്‍ എത്തിച്ചു നല്‍കും'' കെജ്‌രിവാള്‍ പറഞ്ഞു.
'എന്തിനാണ് അവര്‍ ഞങ്ങളെ അറസ്റ്റ് ചെയ്യുന്നതെന്ന് ചിന്തിക്കുകയാണ് ഞാന്‍. ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത്. സര്‍ക്കാര്‍ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മികച്ചതാക്കിയെന്നതാണ് ഞങ്ങള്‍ ചെയ്ത ക്രൈം. അവര്‍ക്ക് ഇതിന് സാധിച്ചില്ല. 24 മണിക്കൂറും ഞങ്ങള്‍ വൈദ്യുതി ലഭ്യമാക്കി. അവര്‍ക്ക് ഇതും സാധിച്ചില്ല,' കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."