മിലിറ്ററി നഴ്‌സിങ്; സൗജന്യ പഠനത്തോടൊപ്പം മികച്ച കരിയര്‍ സാധ്യതകളും; കൂടുതലറിയാം
സൗജന്യമായി ബി.എസ്.സി നഴ്‌സിങ് പഠിച്ച് സായുധസേനയില്‍ കമ്മിഷന്‍ഡ് ഓഫീസര്‍ പദവിയോടെ നഴ്‌സായി ജോലി ചെയ്യാന്‍ അവസരം നല്‍കുന്ന പ്രോഗ്രാമാണ് മിലിറ്ററി നഴ്‌സിങ്. ട്യൂഷന്‍ ഫീയും ഹോസ്റ്റല്‍ ഫീയുമില്ലാതെ പഠിക്കാമെന്ന് മാത്രമല്ല, ഭക്ഷണം, യൂണിഫോം തുടങ്ങിയ അനുബന്ധ ചെലവുകളെല്ലാം സര്‍ക്കാര്‍ വഹിക്കുകയും ചെയ്യും. കൂട്ടത്തില്‍ സ്‌റ്റൈപ്പന്റും ലഭിക്കും.
പൂണെ, ഡല്‍ഹി, ബെംഗളൂരു, മുംബൈ, കൊല്‍ക്കത്ത, ലക്‌നൗ എന്നിവിടങ്ങളിലെ സൈനിക ആശുപത്രികളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നഴ്‌സിങ് കോളജുകളിലാണ് പഠനം.
ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ പഠിച്ച് ആദ്യ അവസരത്തില്‍ തന്നെ 50 ശതമാനം മാര്‍ക്കോടെ റഗുലര്‍ പ്ലസ് ടു പാസാകുന്ന പെണ്‍കുട്ടികളായിരിക്കണം. പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
പ്രായപരിധി 25. അവിവാഹിതരായിരിക്കണം. വിവാഹമോചിതര്‍, ബാധ്യതകളില്ലാത്ത വിധവകള്‍ എന്നിവരെയും പരിഗണിക്കും.
നീറ്റ്-യുജി യോഗ്യതയോടെ ചുരുക്കപ്പട്ടികയില്‍ ഇടം നേടുന്നവര്‍ക്ക് ഇംഗ്ലീഷ്, ജനറല്‍ ഇന്റലിജന്‍സ് എന്നീ വിഷയങ്ങളെ അധികരിച്ചുള്ള കമ്പ്യൂട്ടര്‍ അധിഷ്ടിത പരീക്ഷ (ToGIGE- ടെസ്റ്റ് ഓഫ് ജനറല്‍ ഇന്റലിജന്‍സ് & ജനറല്‍ ഇംഗ്ലീഷ്) കൂടിയുണ്ടാകും. തുടര്‍ന്ന് മാനസികശേഷി പരീക്ഷയും ഇന്റര്‍വ്യൂവും നടക്കും. കായിക നേട്ടങ്ങളുള്ളവര്‍ക്കും സൈനിക സര്‍വീസിലുള്ളവരുടെയോ വിമുക്തഭടന്‍മാരുടെയോ ആശ്രിതര്‍ക്കും വെയ്‌റ്റേജുണ്ട്. വിശദമായ ശാരീരിക ക്ഷമതപരിശോധനയും വൈദ്യ പരിശോധനയുമുണ്ട്. കുറഞ്ഞത് 152 സെന്റീമീറ്റര്‍ ഉയരം വേണം.
പ്രവേശനം ലഭിക്കുന്നവര്‍ നിശ്ചിതകാലം സേവനമനുഷ്ഠിക്കാമെന്ന ബോണ്ട് നല്‍കണം. ആകെ 220 സീറ്റുണ്ട്. ഇക്കൊല്ലത്തെ പ്രവേശന വിജ്ഞാപനം വരുന്നതേയുള്ളൂ. www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ വിവരങ്ങള്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."