മഴ മുന്നറിയിപ്പിൽ മാറ്റം; എവിടെയും റെഡ് അലർട്ട് ഇല്ല, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് മാറ്റം. ഇന്ന് ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ല. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പിന്‍വലിച്ചു. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഉള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഇന്ന് ശക്തമായ മഴയാണ് കണക്കാക്കുന്നത്. അതേസമയം ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലയിലും വ്യാഴാഴ്ച ഇടുക്കി, പാലക്കാട് ജില്ലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."