ഇസാഫ് ഓണോത്സവം 16 വനിതാ മെഗാഫെസ്റ്റ് സംഘടിപ്പിക്കുന്നു
തൃശൂര്‍: ഇസാഫിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംതൊഴില്‍ സംരംഭകരായ വനിതാസംഘാംഗങ്ങള്‍ നിര്‍മിച്ച ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ലക്ഷ്യമാക്കി ഇസാഫ് ഓണോത്സവം 16 വനിതാ മെഗാഫെസ്റ്റ് സംഘടിപ്പിക്കുന്നു. അടുത്ത മാസം ഒന്നിനും മൂന്ന് മുതല്‍ ആറുവരെയും തൃശൂര്‍ ടൗണ്‍ഹാളിലാണ് പരിപാടി.
വിവിധ ഉല്‍പന്നങ്ങളുടെ വിപണന മേളകള്‍, കലാകായിക മത്സരങ്ങള്‍, സാംസ്‌കാരിക കാര്‍ഷിക സെമിനാറുകള്‍, ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നിയമസഭാസാമാജികരെ ആദരിക്കല്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രോഗ്രാം ഡയറക്ടര്‍ ജേക്കബ് സാമുവല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒന്നാം തീയതി രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ മേള ഉദ്ഘാടനം ചെയ്യും. ജൈവ പച്ചക്കറി കൃഷിയും ആധുനിക കൃഷി രീതികളും, സ്ത്രീകളിലെ ക്യാന്‍സര്‍ എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. ക്വിസ്, കലാകായിക മത്സരങ്ങളുടെ ഉദ്ഘാടനം എന്നിവ ഉച്ചക്ക് 2.30ന് തൃശൂര്‍ റൂറല്‍ എസ്.പി നിശാന്തിനിയും കലാസന്ധ്യയുടെ ഉദ്ഘാടനം വൈകീട്ട് ആറിന് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖനും നിര്‍വഹിക്കും.
വൈകീട്ട് ഏഴിന് കലാമണ്ഡലം അനൂപ് അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത് നടക്കും. മൂന്നിന് സ്ത്രീകളും നിയമങ്ങളും, ആയുര്‍വേദത്തിന്റെ സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. 11.30ന് മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഹ്രസ്വചിത്ര, ഡോക്യുമെന്ററി പ്രദര്‍ശനം നടക്കും. നാലിന് രാവിലെ പത്തിന് നടക്കുന്ന സെമിനാര്‍ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. 12ന് വിദ്യാഭ്യാസ സെമിനാറും 2.30ന് കലാകായിക മത്സരങ്ങളും വൈകീട്ട് ആറിന് പ്രദീപ് സോമസുന്ദരം നയിക്കുന്ന ഗാനമേളയും നടക്കും. അഞ്ചിന് വൈകീട്ട് നാലിന് എന്റെ അടുക്കളത്തോട്ടം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും.
വൈകീട്ട് ആറിന് തിയറ്റര്‍ സ്‌കെച്ചസ് കലാപരിപാടി നടക്കും. ആറിന് രാവിലെ ഒമ്പതിന് പൂക്കളമത്സരം, 11ന് തിരുവാതിരക്കളി. ഉച്ചതിരിഞ്ഞ് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം സി എന്‍ ജയദേവന്‍ എം പി ഉദ്ഘാടനം ചെയ്യും. ഇസാഫ് സ്ഥാപക ഡയറക്ടര്‍ കെ.പോള്‍ തോമസ് അധ്യക്ഷനാകും. നിയമസഭാസാമാജികരെ ആദരിക്കല്‍ ചടങ്ങും നടക്കും. ഇസാഫ് സീനിയര്‍ മാനേജര്‍ അംബിക സോമന്‍, പി.ആര്‍.ഒ വര്‍ഗീസ് കോശി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."