ഒമാനിൽ ഡ്രോൺ ഉപയോഗിക്കുന്നവർക്ക് പരിശീലന സർട്ടിഫിക്കറ്റ് നിർബന്ധം
മസ്കത്ത്:ഒമാനിൽ ഡ്രോൺ ഉൾപ്പടെയുള്ള ആളില്ലാവിമാനങ്ങൾ പറത്തുന്നവർക്ക് ഇതിന് ആവശ്യമായ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ തീരുമാനിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് CAA ‘2/2024’ എന്ന ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.
2024 മെയ് 2-നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ ഔദ്യോഗിക വിജ്ഞാപന പ്രകാരം, ഒമാനിൽ വാണിജ്യ മേഖലയിലും, സർക്കാർ മേഖലയിലും ഡ്രോൺ ഉൾപ്പടെയുള്ള ആളില്ലാവിമാനങ്ങൾ പറത്തുന്നവർക്ക് ഈ തീരുമാനം ബാധകമാകുന്നതാണ്. 2024 ഡിസംബർ 1 മുതലാണ് ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നത്.
ഇതോടെ 2024 ഡിസംബർ 1 മുതൽ ഇത്തരം ആളില്ലാവിമാനങ്ങൾ പറത്തുന്നവർക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി അംഗീകൃത പരിശീലന കേന്ദ്രങ്ങളിൽ നിന്ന് ഇതിന് ആവശ്യമായ മതിയായ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് തെളിയിക്കേണ്ട സർട്ടിഫിക്കറ്റ് നിർബന്ധമാകുന്നതാണ്. വ്യോമയാന മേഖലയിൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, വ്യക്തികൾക്കും, സ്വത്തിനും, പരിസ്ഥിതിയ്ക്കും ഉണ്ടാകാനിടയുള്ള നാശനഷ്ടങ്ങൾ തടയുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം ഒരു തീരുമാനമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."