വാരാന്ത്യത്തില്‍ ചൂടുകൂടുമെന്ന മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: ഒമാനില്‍ വാരാന്ത്യത്തില്‍ താപനില ഉയരുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ശനിയാഴ്ച വരെ ശക്തമായ ചൂട് തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ബുറൈമി, ദാഹിറ, തെക്ക്-വടക്ക് ബാത്തിന, മസ്കത്ത്, ദാഖിലിയ, അല്‍ വുസ്ത, ദോഫാര്‍ എന്നിവയടക്കം നിരവധി ഗവര്‍ണറേറ്റുകളെ വടക്ക്-പടിഞ്ഞാറന്‍ കാറ്റ് ബാധിക്കുമെന്ന് കാലാവസ്ഥ ഏജന്‍സി മുന്നറിയിപ്പില്‍ പറയുന്നു. ചിലയിടങ്ങളില്‍ 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില എത്താനും സാധ്യതയുണ്ട്. പൊടി ഉയരാന്‍ സാധ്യതയുള്ളത് ദൂരക്കാഴ്ചയെ ബാധിച്ചേക്കും. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത് ഹംറ അദ് ദുരുവിലാണ്. 44.7 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. ഫഹുദ് ആണ് തൊട്ടുപിന്നാലെ. 44.6 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്.
ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ജബല്‍ അഖ്ദറിലെ സൈഖിലാണ്. 20.1 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. ചൂട് വര്‍ധിക്കുന്ന സഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകൾ എടുക്കണമെന്നുമാണ് ആരോഗ്യമേഖലയിലുള്ളവർ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."