പൂനെ ആഢംബരക്കാര്‍ അപകടം: 17കാരനെ രക്ഷിക്കാന്‍ രക്തസാമ്പിളില്‍ കൃത്രിമം നടത്തിയ ഫൊറന്‍സിക് മേധാവിയും സഹായിയും അറസ്റ്റില്‍
മുംബൈ: മഹാരാഷ്ട്രയിലെ പൂനെയില്‍ മദ്യലഹരിയില്‍ അമിതവേഗത്തില്‍ ഓടിച്ച ആഢംബരക്കാര്‍ ബൈക്കിലിടിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ട കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച ആശുപത്രി ഫൊറന്‍സിക് വിഭാഗം മേധാവിയും സഹായിയും അറസ്റ്റില്‍. രക്തസാംപിള്‍ പരിശോധനയില്‍ കൃത്രിമം കാട്ടിയ സസൂന്‍ ആശുപത്രിയിലെ ഫൊറന്‍സിക് വിഭാഗം മേധാവി ഡോ.അജയ് തവാഡെ സഹായി ഡോ.ഹരി ഹാര്‍നോര്‍ എന്നിവരാണ് അറസ്റ്റിലായത്.
കൗമാരക്കാരന്റെ രക്തസാംപിളിന് പകരം ആശുപത്രിയില്‍ മദ്യപിക്കാത്ത മറ്റൊരാളുടെ രക്തം പരിശോധിക്കുകയായിരുന്നു. അപകടം നടന്ന മേയ് 19ന് രാവിലെ 11ന് നടത്തിയ കൗമാരക്കാരന്റെ പ്രാഥമിക പരിശോധനയില്‍ മദ്യപിച്ചിട്ടില്ല എന്നായിരുന്നു ഫലം. എന്നാല്‍, പുലര്‍ച്ചെ മൂന്നിന് അപകടം സംഭവിക്കുന്നതിന് തൊട്ടുമുമ്പായി കൗമാരക്കാരന്‍ ബാറിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മദ്യപിച്ചിട്ടില്ല എന്ന റിപ്പോര്‍ട്ടില്‍ തുടക്കംമുതലേ സംശയമുണ്ടായിരുന്നു.
രണ്ടാമത്തെ രക്തസാംപിള്‍ പരിശോധിച്ചപ്പോള്‍ മദ്യപിച്ചിട്ടുണ്ടെന്ന ഫലമാണ് ലഭിച്ചത്. ഇതോടെയാണ്, രണ്ട് സാംപിളുകളും രണ്ട് വ്യക്തികളുടേതാണെന്ന് തെളിഞ്ഞത്. അറസ്റ്റിലായ രണ്ട് ഡോക്ടര്‍മാരെയും പൂനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്.
പുനെ കല്യാണി നഗറില്‍ കൗമാരക്കാരന്‍ അമിതവേഗത്തില്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് ബൈക്ക് യാത്രികരായ അനീഷ് അവാഡിയ, അശ്വിനി കോസ്റ്റ എന്നിവരാണ് കൊല്ലപ്പെട്ടത്. സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍മാരായിരുന്നു ഇരുവരും.
കൗമാരക്കാരന് മണിക്കൂറുകള്‍ക്കകം ജാമ്യംലഭിച്ചത് വലിയ വിമര്‍ശനത്തിനിടയാക്കുകയും രാഷ്ട്രീയ വിവാദമാകുകയും ചെയ്തിരുന്നു. മദ്യപിച്ച് നിലവിട്ട കൗമാരക്കാരനെ കാറോടിക്കാന്‍ പിതാവ് അനുവദിക്കുകയായിരുന്നുവെന്ന് ഡ്രൈവറുടെ വെളിപ്പെടുത്തലുണ്ടായിരുന്നു. 17കാരന്‍ മദ്യപിച്ച് കാറോടിക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് ഡ്രൈവര്‍ പിതാവായ വിശാല്‍ അഗര്‍വാളിനെ വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍, മകന് കാര്‍ നല്‍കാനായിരുന്നു അഗര്‍വാള്‍ നിര്‍ദേശിച്ചതെന്ന് ഡ്രൈവര്‍ പറഞ്ഞു.
കേസില്‍ കൗമാരക്കാരന്റെ പിതാവ്, കുറ്റമേറ്റെടുക്കാന്‍ ഡ്രൈവറെ നിര്‍ബന്ധിച്ച മുത്തച്ഛന്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് മദ്യം നല്‍കിയ ബാറിന്റെ ഉടമകളായ രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ കൗമാരക്കാരന്റെ ജാമ്യം റദ്ദാക്കി ജൂണ്‍ അഞ്ച് വരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."