മഴകനക്കുന്നു: ഇടുക്കിയിലെ മലയോരമേഖലയില്‍ രാത്രിയാത്രയ്ക്ക് നിരോധനം
ഇടുക്കി: ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ മലയോരമേഖലയില്‍ രാത്രിയാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. ജില്ലയില്‍ ഇന്നും നാളെയും റെഡ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അലര്‍ട്ട് പിന്‍വലിക്കുന്നതുവരെയാണ് നിയന്ത്രണം. ഓഫ് റോഡ് യാത്രയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിന് ജില്ല പൊലീസ് മേധാവി, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോട്ടയത്ത് ശക്തമായ മഴ തുടരുകയാണ്. പലയിടങ്ങളിലും വ്യാപക നാശനഷ്ടം. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ഇലവീഴാപൂഞ്ചിറ,ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട – വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും നിരോധിച്ച് ജില്ലാ കലക്ടര്‍ വി. വിഗ്‌നേശ്വരി ഉത്തരവിറക്കി.
ഭരണങ്ങാനം വില്ലേജില്‍ ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുള്‍പൊട്ടലുണ്ടായി. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചു. ഇവിടുത്തെ 7 വീടുകള്‍ ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നു. ആളപായമില്ല. മീനച്ചില്‍ താലൂക്കിലെ മലയോരമേഖലകളില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."