ഇസ്‌റാഈലി ടാങ്കുകള്‍ റഫയില്‍; എവിടെയും സുരക്ഷിത ഇടമില്ലാതായി ഗസ്സ
ഗസ്സ: രാജ്യാന്തരകോടതിയുടെ ഉത്തരവും ലോകരാഷ്ടങ്ങളുടെ പ്രതിഷേധവും അവഗണിച്ച് ഫലസ്തീനില്‍ ആക്രമണം കടുപ്പിക്കാനുള്ള നീക്കവുമായി ഇസ്‌റാഈല്‍. ഇതിന്റെ ഭാഗമായി ഈജിപ്തിനോടു ചേര്‍ന്നുള്ള റഫയില്‍ ഇസ്‌റാഈലി സൈന്യത്തിന്റെ ടാങ്കുകള്‍ എത്തി. സെന്‍ട്രല്‍ റഫയിലെ അല്‍ അവ്ദ മസ്ജിദിന് സമീപം ഇസ്‌റാഈല്‍ ടാങ്കുകള്‍ നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ റോയിട്ടേഴ്‌സ് പുറത്തുവിട്ടു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ മധ്യസ്ഥരുടെ പങ്ക് വഹിക്കുന്ന ഈജിപ്തിന്റെ എതിര്‍പ്പിനിടയാക്കുന്ന പുതിയ സംഭവവികാസങ്ങളില്‍ ഇസ്‌റാഈല്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
റഫയില്‍ ആക്രമണം വ്യാപിക്കാനുള്ള നീക്കങ്ങള്‍ ഉണ്ടായതോടെ മേഖലയില്‍നിന്ന് പലായനവും തുടങ്ങി. കഴുതവണ്ടികളില്‍പ്പോലും അവശ്യാധനങ്ങളുമായി ഫലസ്തീനികള്‍ നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പ്രാദേശിക സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പുറത്തുവിട്ടു. ഗസ്സയിലെ ആശുപത്രികളും ആരാധനാലയങ്ങളും അഭയാര്‍ഥി ക്യാംപുകള്‍ പോലും ഇസ്‌റാഈല്‍ വെറുതെവിടാത്ത സാഹചര്യമുള്ളതിനാല്‍ എവിടേക്കു പോകുമെന്ന് ഫലസ്തീനികള്‍ ചോദിക്കുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ഞായറാഴ്ചയും ഇന്നും ഇസ്‌റാഈല്‍ സൈന്യം ആക്രമിച്ചത് ഭവനരഹിതരായവര്‍ താമസിച്ചുവരുന്ന താല്‍ക്കാലിക ടെന്റുകളായിരുന്നു.
അതേസമയം, തുടര്‍ച്ചയായി ആക്രമണങ്ങള്‍ക്കിടയിലും ഫലസ്തീന്‍ ചെറുത്തുനില്‍പ്പും നടത്തുന്നുണ്ട്. ജബലിയ അഭയാര്‍ഥി ക്യാംപിന് സമീപം അധിനിവേശ സൈനികനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയതായി ഇസ്ലാമിക് ജിഹാദിന്റെ സായുധവിഭാഗം അല്‍ ഖുദ്‌സ് ബ്രിഗേഡ് അറിയിച്ചു. ഇസ്‌റാഈലിന്റെ കോപ്ടറുകളിലൊന്ന് വെടിവച്ചിട്ടതായി ഹമാസ് അറിയിച്ചു.
ലോക വ്യാകമായി ഇസ്‌റാഈല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടന്നുവരികയാണ്. യൂറോപ്യന്‍ രാജ്യങ്ങളിലാണ് കൂടുതലും ഫലസ്തീന്‍ ഐക്യദാര്‍ഢ്യറാലികളും യുദ്ധവിരുദ്ധ പ്രകടനങ്ങളും നടക്കുന്നത്. രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവ് പാലിക്കാന്‍ ഇസ്‌റാഈല്‍ തയാറാകണമെന്ന് ജപ്പാന്‍ ആവശ്യപ്പെട്ടു. ഗസ്സയിലെ സ്ത്രീകളും കുട്ടികളും നേരിടുന്ന ദുരന്തസമാനമായ സാഹചര്യം കാണാതിരിക്കാനാകില്ലെന്ന് ജാപ്പനീസ് വിദേശകാര്യമന്ത്രി യോകോ കമികാവ പറഞ്ഞു. റഫയിലെ ക്യാംപുകളെ ആക്രമിച്ച ഇസ്‌റാഈല്‍ നടപടിയെ ദക്ഷിണാഫ്രിക്ക അപലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."