ബീഹാറിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ എട്ട് പേർ സൂര്യാതപമേറ്റ് മരിച്ചു; കൊടും ചൂടിൽ സംസ്ഥാനം
പട്ന: കനത്ത ചൂടിൽ പൊള്ളുന്ന ബിഹാറിൽ സൂര്യാതപമേറ്റ് മരിച്ചവരിൽ എട്ട് പേർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയവരെന്ന് റിപ്പോർട്ട്. 48 മണിക്കൂറിനുള്ളിൽ ബിഹാറിൽ 18 പേരാണ് സൂര്യാതപമേറ്റ് മരിച്ചത്. ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്ന ബിഹാറിലെ പാർലമെന്റ് മണ്ഡലങ്ങളിലേക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരിലുള്ളവരാണ് സൂര്യാതപമേറ്റ് മരിച്ചവരെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെൻ്റർ പറയുന്നതനുസരിച്ച്, ചൂടുമായി ബന്ധപ്പെട്ട മരണങ്ങളിൽ 11 എണ്ണം റോഹ്താസ് ജില്ലയിലും ആറ് എണ്ണം ഭോജ്പൂരിലും ഒരെണ്ണം ബക്സറിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു. റോഹ്താസിൽ മരിച്ചവരിൽ അഞ്ച് പേരും ഭോജ്പൂരിൽ രണ്ട് പേരും ബക്സറിൽ ഒരാളും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വിന്യസിച്ചവരാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. റോഹ്താസ് ജില്ലയിലെ സസാരം, കാരക്കാട്ട് ലോക്സഭാ മണ്ഡലങ്ങൾ, ഭോജ്പൂർ ജില്ലയിലുള്ള അറാ മണ്ഡലം, ബക്‌സർ മണ്ഡലം എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളിൽ സമാനതകളില്ലാത്ത രീതിയിൽ രൂക്ഷമാണ് ബിഹാറിലെ അന്തരീക്ഷ താപനില. വ്യാഴാഴ്ച സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും 44 ഡിഗ്രി സെൽഷ്യസ് ചൂടാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബക്സറിലാണ് ഇതിൽ ഏറ്റവുമധികം താപനില രേഖപ്പെടുത്തിയിട്ടുള്ളത്. 47.1 ഡിഗ്രി സെൽഷ്യസാണ് വ്യാഴാഴ്ച ബക്സറിൽ റിപ്പോർട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."