അങ്കത്തിനിറങ്ങിയത് 25 അംഗനമാര്‍; ആരെല്ലാം കരകയറും?
കൊച്ചി: ലോക് സഭാ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ ഒരു നാള്‍മാത്രം ശേഷിക്കേ മത്സരിച്ച വനിതകളില്‍ ആരൊക്കെ വിജയക്കൊടി പാറിക്കുമെന്ന ചര്‍ച്ചകള്‍ സജീവം. ഒമ്പത് മുന്നണി സ്ഥാനാര്‍ഥികളുള്‍പ്പെടെ 25 വനിതകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഒന്നില്‍ കൂടുതല്‍ വനിതാ എം.പിമാര്‍ കേരളത്തില്‍ നിന്നുണ്ടാകുമോ എന്നാണ് ഉറ്റുനോക്കുന്നത്.
സി.പി.ഐ ദേശീയ നേതാവ് ആനി രാജക്കും കോണ്‍ഗ്രസ് സിറ്റിങ്ങ് എം.പി രമ്യ ഹരിദാസിനും മാത്രം അവസരം നല്‍കിയപ്പോള്‍ സി.പി.എം കെ.കെ ഷൈലജയ്ക്കും കെ.ജെ ഷൈനും അവസരം കൊടുത്തു. ബി.ജെ.പി ശോഭ സുരേന്ദ്രനെയും ടി.എന്‍ സരസുവിനെയും നിവേദിത സുബ്രഹ്‌മണ്യത്തെയും എം.എല്‍ അശ്വിനിയെയും മത്സരിപ്പിച്ചു. ബി.ഡി.ജെ.എസ് സംഗീത വിശ്വനാഥന് അവസരമൊരുക്കി.
2019ല്‍ രമ്യ ഹരിദാസ്, ഷാനിമോള്‍ ഉസ്മാന്‍, വീണാജോര്‍ജ്, പി.കെ ശ്രീമതി, വി.ടി രമ, ശോഭ സുരേന്ദ്രന്‍ എന്നിവരാണ് മത്സരിച്ചത്. രമ്യ ഹരിദാസ് മാത്രമാണ് വിജയക്കൊടി പാറിച്ചത്.2014ലും ഒരു വനിതമാത്രമാണ് ലോക് സഭയിലെത്തിയത്. കണ്ണൂരില്‍ നിന്ന് പി.കെ ശ്രീമതി മാത്രം.
ആലത്തൂര്‍, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ നിന്നും മത്സരിച്ച കോണ്‍ഗ്രസിലെ ഷീബയും ബിന്ദു കൃഷ്ണയും പരാജയപ്പെട്ടു. മലപ്പുറത്തുനിന്ന് സി.പി.എമ്മിലെ പി.കെ സൈനബയും ബി.ജെ.പിയുടെ ശോഭ സുരേന്ദ്രനും തോല്‍വിയറിഞ്ഞു. 2009ല്‍ സിന്ധു ജോയിയും ഷാഹിദ കമാലും സതീദേവിയും മത്സരിച്ചെങ്കിലും ആര്‍ക്കും വിജയിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."