വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക- ജിഫ്‌രി മുത്തുക്കോയ തങ്ങള്‍
കോഴിക്കോട്: വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ഐക്യവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കാനും ആഹ്വാനം ചെയ്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. സമസ്ത സ്ഥാപക ദിനത്തില്‍ കോഴിക്കോട് നടക്കുന്ന പരിപാടി വിജയിപ്പിക്കാനും തങ്ങള്‍ മുശാവറ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യാമുന്നണിയുടെ വിജയം ഐക്യത്തോടും സ്‌നേഹത്തോടും പ്രവര്‍ത്തിച്ചതിന്റെ ഫലമാണെന്നും മതേതരത്വത്തിന്റെ നിലനില്‍പ്പിനായി മുന്നോട്ടുപോകണമെന്നും തങ്ങള്‍ പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അതിന്റെ 100ാം വാര്‍ഷികത്തിലേത്ത് കടക്കുകയാണ് അതിന് മുന്നോടിയായി നിരവധി പദ്ധതികളാണ് സമസ്ത ആസൂത്രണം ചെയ്തിട്ടുള്ളത്. അത് സംബന്ധിച്ച് ഇന്ന് ചേര്‍ന്ന മുശാവറ യോഗത്തില്‍ ചര്‍ച്ച ചെയ്തു. അതോടൊപ്പം സമസ്തയുടെ സ്ഥാപകദിനം ഈ വരുന്ന ജൂണ്‍ 26ാം തീയതി കോഴിക്കോട് ടൗണ്‍ ഹാളില്‍വച്ച് നടത്താന്‍ തീരുമാനിച്ചു. ഈ അവസരത്തില്‍ സമസ്തയുടെ പ്രവര്‍ത്തകരും നേതാക്കന്മാരും പ്രസ്തുത പരിപാടി വിജയിപ്പിക്കാന്‍ സജീവമായി രംഗത്തിറങ്ങണമെന്ന് തങ്ങള്‍ പറഞ്ഞു.
വളരെ സന്തോഷത്തോടും ഐക്യത്തോടും കൂടി മുന്‍കാലങ്ങളിലുള്ളതുപോലെ പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു. അതിന് വിരുദ്ധമാകുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."