വ്ലോഗർമാരെകൊണ്ട് രക്ഷയില്ല: വിഡിയോകൾക്കെതിരേ യൂട്യൂബിനെ സമീപിച്ച് എം.വി.ഡി
വ്ളോഗർമാരുടെ വാഹന നിയമലംഘന വിഡിയോകൾ തലവേദനയായതോടെ ട്യുബിനെ സമീപിച്ച് എം.വി.ഡി. സഞ്ജു ടെക്കി എന്ന വ്ളോഗർ നടത്തിയ നിയമലംഘനത്തിൽ ഹൈക്കോടതി കർശനമായി ഇടപെട്ടതോടെയാണ് എം.വി.ഡിയുടെ നടപടി. ഇത്തരം നിയമലംഘന വിഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നതിന് എന്ത് നടപടി സ്വീകരിക്കാൻ കഴിയുമെന്ന് അറിയിക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.
ഇതോടെയാണ് ഇത്തരം ഗതാഗത നിയമ ലംഘനങ്ങൾ അപ് ലോഡ് ചെയ്ത് പ്രചരിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് യൂട്യൂബിന് കത്തു നൽകിയത്. സാമ്പത്തിക നേട്ടത്തിനായി വ്ളോഗർമാർ മോട്ടോർ വാഹന നിയമം കാറ്റിൽപ്പറത്തി നിരവധി വിഡിയോകളാണ് യൂ ട്യൂബിൽ അപ്ലോഡ് ചെയ്ത് പ്രചരിപ്പിക്കുന്നത്. വാഹനങ്ങളിലെ രൂപമാറ്റത്തിന് നടപടിയെടുത്തതിൻ്റെ പേരിൽ വ്ളോഗർമാർ ഭീഷണിപ്പെടുത്തുകയാണെങ്കിൽ അക്കാര്യം അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതോടെ യുട്യൂബർ സഞ്ജു ടെക്കിക്കെതിരേ കടുത്ത നടപടിയിലേക്ക് കടക്കാനൊരുങ്ങുകയാണ് എം.വി.ഡി.
ഈ മാസം13 ന് ഹൈക്കോടതി സഞ്ജുവിനെതിരേ കൂടുതൽ നടപടികൾക്ക് നിർദ്ദേശം നൽകും. സഞ്ജു നിരന്തരമായി മോട്ടോർ വാഹന നിയമലംഘനം നടത്തുന്നുവെന്ന റിപ്പോർട്ട് എം.വി.ഡി ഹൈക്കോടതിക്ക് കൈമാറിയിരുന്നു. സഞ്ജുവിന്റെ പഴയ നിയമലംഘനങ്ങളിലും നടപടിയുണ്ടാകും. 160 കിലോമീറ്റർ വേഗതയിൽ കാർ ഓടിച്ച് ഇത് സമൂഹമാധ്യമങ്ങളിൽ ഇയാൾ പ്രചരിപ്പിച്ചിരുന്നു. ശിക്ഷാ നടപടിയായി സഞ്ജുവും കാറിലെ സിമ്മിങ് പൂളിൽ കുളിച്ച മറ്റു മൂന്നുപേരും കഴിഞ്ഞ ദിവസം മുതൽ ആലപ്പുഴ മെഡിക്കൽ കോളജിൽ സാമൂഹ്യ സേവനം ചെയ്തു തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."