തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഭയക്കുന്ന ജോസ് കെ മാണി പാലായ്ക്ക് അപമാനം; പാലായില്‍ ഫ്ലക്സുകള്‍
കോട്ടയം: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഭയക്കുന്ന ജോസ് കെ മാണി പാലായ്ക്ക് അപമാനമാണെന്ന് ഫ്ലക്സ് ബോര്‍ഡ്. നഗരസഭാ കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടാണ് പാലാ പൗരാവലിയുടെ പേരില്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.
കൊട്ടാരമറ്റം, ജനറല്‍ ആശുപത്രി ജംക്ഷന്‍ എന്നിവിടങ്ങളിലുള്‍പ്പെടെ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ബോര്‍ഡുകള്‍ വച്ചിട്ടുണ്ട്. ജോസ് കെ.മാണിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിന്റെ പേരില്‍ സി.പി.എം കൗണ്‍സിലറായ ബിനുവിനെ ഇന്നലെ സി.പി.എമ്മില്‍നിന്ന് പുറത്താക്കിയിരുന്നു.
ജോസ് കെ മാണിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സി.പി.എം തനിക്കെതിരെ നടപടിയെടുത്തതെന്ന് ബിനു പുളിക്കക്കണ്ടത്തില്‍ ആരോപിച്ചു. സി.പി.എം തീരുമാനങ്ങളെ വിമര്‍ശിക്കില്ല. രാഷ്ട്രീയ അഭയംതേടി വന്ന ജോസ് കെ. മാണിയെ സംരക്ഷിക്കേണ്ട ബാധ്യത സി.പി.എമ്മിനുണ്ട്. പാര്‍ട്ടിയുടെ വെറും ബ്രാഞ്ച് അംഗത്തെ വേണോ, ഒരു രാഷ്ട്രീയ പാര്‍ട്ടിയുള്ള ജോസ് കെ. മാണിയെ വേണോ എന്ന് പാര്‍ട്ടിക്ക് തോന്നിയിട്ടുണ്ടാകും. പ്രദേശിക സി.പി.എം പ്രവര്‍ത്തകര്‍ക്ക് തീരുമാനത്തില്‍ അതൃപ്തിയുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ വിളിച്ച് സംസാരിച്ചു. രാഷ്ട്രീയ തീരുമാനം ഉടനില്ലെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു.
നേരത്തേ, കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ ബിനു പുളിക്കക്കണ്ടം പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിനെതിരെ പാര്‍ട്ടി കടുത്ത നടപടിയെടുത്തത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ എത്തിയ ബിനു ഈ കൗണ്‍സിലില്‍ പാര്‍ട്ടി ചിഹ്നത്തില്‍ പാലാ നഗരസഭയിലേക്കു വിജയിച്ച ഏക സി.പി.എം അംഗം കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."