ഭൂമി കൈയേറിയെന്ന്; യൂസുഫ് പത്താന് നോട്ടിസ് അയച്ച് ബി.ജെ.പി മുന്‍സിപ്പല്‍ കോര്‍പറേഷന്‍
വഡോദര: ഭൂമി കൈയേറിയെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും മുന്‍ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താന് നോട്ടിസ് നല്‍കി വഡോദര മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. ജൂണ്‍ ആറാം തീയതിയാണ് വഡോദര മുന്‍സിപ്പല്‍ കോര്‍പറേഷന്‍ യൂസഫ് പത്താന് നോട്ടിസ് നല്‍കിയത്.
2012ല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭൂമി യൂസഫ് പത്താന് വില്‍ക്കാനുള്ള ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ നിരാകരിച്ചതാണ്. എന്നാല്‍, ഈ ഭൂമി ചുറ്റുമതില്‍ കെട്ടി യൂസഫ് പത്താന്‍ സ്വന്തമാക്കുകയായിരുന്നുവെന്നാണ് കോര്‍പ്പറേഷന്‍ ആരോപണം. യൂസഫ് പത്താന്റെ വീടിനടുത്തുളള സ്ഥലം അദ്ദേഹത്തിന് വില്‍ക്കാന്‍ കോര്‍പ്പറേഷന്‍ ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമായിരുന്നു. സ്വകയര്‍ മീറ്ററില്‍ 57,000 രൂപയാണ് യൂസഫ് പത്താന്‍ ഭൂമിക്ക് വില പറഞ്ഞത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ കോര്‍പറേഷന്‍ ശിപാര്‍ശ തള്ളുകയായിരുന്നുവെന്ന് വിജയ് പവാര്‍ വെളിപ്പെടുത്തി.
ശിപാര്‍ശ നിരസിച്ചുവെങ്കിലും സ്ഥലത്തില്‍ വേലി കെട്ടാനോ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കോ കോര്‍പറേഷന്‍ മുതിര്‍ന്നില്ല. ഇതിനിടെ യൂസഫ് പത്താന്‍ സ്ഥലം കൈയേറി മതില്‍കെട്ടിയെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നുമായിരുന്നു പവാറിന്റെ ആവശ്യം.
തുടര്‍ന്ന് കോര്‍പറേഷന്‍ യൂസഫ് പത്താന് നോട്ടിസ് നല്‍കുകയായിരുന്നു. സ്ഥലത്തെ ചുറ്റുമതില്‍ പൊളിച്ചുനീക്കി കൈയേറ്റം ഉടന്‍ ഒഴിയണമെന്നാണ് യൂസഫ് പത്താന് നല്‍കിയിരിക്കുന്ന നോട്ടിസില്‍ പറയുന്നത്. കുറച്ച് ദിവസം കൂടി കാത്തിരിക്കുമെന്നും എന്നിട്ടും കൈയേറ്റം പൊളിച്ചില്ലെങ്കില്‍ തുടര്‍ നടപടികളുണ്ടാവുമെന്നാണ് കോര്‍പ്പറേഷന്‍ അറിയിച്ചിരിക്കുന്നത്.
ജൂണ്‍ 13നാണ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ ശീതള്‍ മിസ്ത്രി നോട്ടീസ് നല്‍കിയ വിവരം അറിയിച്ചത്. ബി.ജെ.പി മുന്‍ കൗണ്‍സിലര്‍ വിജയ് പവാറിന്റെ വെളിപ്പെടുത്തലോടെയാണ് ശീതള്‍ മിസ്ത്രി ഇക്കാര്യത്തില്‍ പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."