ഇന്ന് ലോക വയോജന ദിനം- വയോജനങ്ങള്‍ക്കായി സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ഇവയാണ്
എല്ലാ വര്‍ഷവും ജൂണ്‍ 15 ലോക വയോജനദിനമായി ആചരിക്കുന്നു. ഇത് വയോജനങ്ങളോടുള്ള ദുരുപയോഗം തടയുന്നതിന് വേണ്ടിയാണ് തുടയങ്ങിയത്. ഫ്രന്റഷിപ് ഡേയും വാലന്റൈന്‍സ് ഡേയും ആഘോഷമാക്കുന്ന നമുക്ക് ആരും ഓര്‍ക്കാനില്ലാത്ത, പലരും ശ്രദ്ധിക്കാതെ പോവുന്ന വയോജനങ്ങള്‍ക്കായി ഈ ദിനംമാറ്റിവയ്ക്കാം. ഈ ദിനത്തില്‍ വയോജനങ്ങളോടുളള അതിക്രമങ്ങള്‍ക്കെതിരേ ബോധവല്‍ക്കരണ ദിനാചരണം ജില്ലയില്‍ വിവിധയിടങ്ങളിലായി സംഘടിപ്പിക്കുകയാണ്. ഈ ദിനത്തില്‍ വയോജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ചില സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് അറിയാം.
മന്ദഹാസം പദ്ധതി
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അര്‍ഹരായ വയോജനങ്ങള്‍ക്ക് സൗജന്യമായി കൃത്രിമ ദന്തനിര നല്‍കുന്ന പദ്ധതി. പല്ലുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടവരും ഭാഗീകമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗയോഗ്യമല്ലാത്ത അവസ്ഥയിലുള്ളവര്‍ക്കും അപേക്ഷിക്കാം. സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടലില്‍ ദന്തഡോക്ടറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റ് സഹിതം (suneethi.sjd.kerala.gov.in) അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ദന്തഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് മാതൃക സാമൂഹിക നീതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
സായംപ്രഭാ ഹോം പദ്ധതി
മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള പഞ്ചായത്തുതല സേവനകേന്ദ്രം. 60 വയസ്സു കഴിഞ്ഞവര്‍ക്ക് പകല്‍ ഒത്തുകൂടുന്നതിന് ഈ സൗകര്യം ഉപയോഗിക്കാം. മാനസികശാരീരിക ഉല്ലാസത്തിന് ഉതകുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ഒറ്റപ്പെടല്‍ ഒഴിവാക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന പകല്‍ വീടുകള്‍ക്ക് സായംപ്രഭാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമൂഹ്യനീതി വകുപ്പ് സേവനങ്ങള്‍ നല്‍കി വരുന്നു.
വയോമധുരം പദ്ധതി
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട പ്രമേഹ രോഗികളായ വയോജനങ്ങള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണയിക്കുന്ന ഗ്ലൂക്കോമീറ്റര്‍, ടെസ്റ്റ് സ്ട്രിപ്പ് എന്നിവ സൗജന്യമായി നല്‍കുന്ന പദ്ധതി. പ്രമേഹ രോഗിയാണെന്ന് സര്‍ക്കാര്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ രേഖ നിര്‍ബന്ധം. സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടലില്‍ (suneethi.sjd.kerala.gov.in)) അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
വയോരക്ഷ പദ്ധതി
മറ്റാരും സംരക്ഷിക്കന്‍ ഇല്ലാത്ത സാമൂഹിക, സാമ്പത്തിക ശാരീരികമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ സഹായം ലഭ്യമാക്കുന്നതിനുള്ള പദ്ധതി. ഉപേക്ഷിക്കപ്പെട്ടതോ, സംരക്ഷിക്കാന്‍ ബന്ധുക്കള്‍ ഇല്ലാത്തവരോ ആയ വയോജനങ്ങള്‍ക്ക് അടിയന്തര പ്രാഥമിക ശുശ്രൂഷ നല്‍കല്‍, അടിയന്തര ശസ്ത്രക്രിയ, ആംബുലന്‍സ്, പുനരധിവാസം, കെയര്‍ഗിവര്‍മാരുടെ സേവനം, സഹായ ഉപകരണങ്ങള്‍ എന്നീ സേവനങ്ങള്‍ പദ്ധതി പ്രകാരം ലഭ്യമാകും.
മേല്‍ പറഞ്ഞ സേവനങ്ങള്‍ ലഭിക്കുന്നതിന് ജില്ലാ സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടുക.
വയോ അമൃതം പദ്ധതി
സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ വൃദ്ധസദനങ്ങളിലെ താമസക്കാര്‍ക്ക് ആയുര്‍വ്വേദ ചികിത്സ നല്‍കുന്ന പദ്ധതിയാണിത്.
കേരള സാമൂഹിക സുരക്ഷാമിഷന്‍ വയോമിത്രം പദ്ധതി
സാമൂഹികസുരക്ഷാ മിഷന്‍ വഴി മെഡിക്കല്‍ പരിശേധനയും, ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകളും നല്‍കുന്ന വയോമിത്രം പദ്ധതി നടപ്പാക്കുന്നു. പ്രായമുള്ളവര്‍ക്കായി മൊബൈല്‍ ക്ലിനിക്ക് സേവനം, പാലിയേറ്റീവ് കെയര്‍ സപ്പോര്‍ട്ട്, വയോജന ഹെല്‍പ് ഡെസ്‌ക് തുടങ്ങിയവ ഈ സംവിധാനം വഴി നടപ്പാക്കുന്നു. നിലവില്‍ മുന്‍സിപ്പല്‍ പ്രദേശങ്ങളാലാണ് വയോമത്രം പദ്ധതി നടപ്പാക്കുന്നത്.
വയോജന ഹെല്‍പ്പ് ലൈന്‍ 14567.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."