ബലി പെരുന്നാള്‍ നിസ്‌കാരം: ഷാര്‍ജയില്‍ പള്ളികളും
ഷാര്‍ജ: ഷാര്‍ജ എമിറേറ്റില്‍ ബലി പെരുന്നാള്‍ നിസ്‌കാരത്തിനായി 640 പള്ളികളും ഈദ് ഗാഹുകളും അനുവദിച്ചതായി ഷാര്‍ജയിലെ മതകാര്യ വകുപ്പ് പ്രഖ്യാപിച്ചു. പള്ളികളും നിയുക്ത പ്രാര്‍ഥനാ സ്ഥലങ്ങളും എമിറേറ്റിലെ ചില പൊതു സ്‌ക്വയറുകളും ഇതില്‍ ഉള്‍പ്പെടും. ഷാര്‍ജ പൊലിസ് ജനറല്‍ കമാന്‍ഡ്, ഷാര്‍ജ നഗരസഭ, എമിറേറ്റിലെ മറ്റ് പ്രമുഖ അധികാരികള്‍ എന്നിവരുമായി ഏകോപിപ്പിക്കുന്നതിന് വകുപ്പ് ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഷാര്‍ജ സിറ്റിയിലും അല്‍ ഹംരിയയിലുമായി 447 പള്ളികളും ഈദ്ഗാഹുകളും മധ്യമേഖലയില്‍ 106ഉം കിഴക്കന്‍ മേഖലയില്‍ 87 ഉം ഉള്‍പ്പെടെ എമിറേറ്റിന്റെ നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും പള്ളികളും ഈദ്ഗാഹുകളും ഒരുക്കി.
അറബി സംസാരിക്കാത്തവര്‍ക്കായി ഉര്‍ദു, മലയാളം, തമിഴ്, ഇംഗ്ലിഷ് തുടങ്ങിയ ഭാഷകളില്‍ നിരവധി പള്ളികളിലും ഈദ് ഗാഹുകളിലും പ്രഭാഷണം വിവര്‍ത്തനം ചെയ്യും. ശ്രവണ വൈകല്യമുള്ളവര്‍ക്കായി അല്‍ ജസാത്ത് ഏരിയയിലെ ഇമാം അഹമ്മദ് ബിന്‍ ഹന്‍ബല്‍ മസ്ജിദില്‍ ഈദ് പ്രഭാഷണത്തിന് ആംഗ്യഭാഷയില്‍ വിവര്‍ത്തനം നല്‍കും.
മതപരമായ ആചാരങ്ങള്‍ സുഗമമാക്കുന്നതിനും ആരാധകര്‍ക്ക് അനുകൂലമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമുള്ള ഡിപ്പാര്‍ട്ട്‌മെന്റിന്റെ ദൗത്യവുമായി മസ്ജിദുകളുടെ പരിപാലനം യോജിക്കുന്നുവെന്ന് ഷാര്‍ജയിലെ മതകാര്യ വകുപ്പ് ചെയര്‍മാന്‍ അബ്ദുല്ല ഖലീഫ യാറൂഫ് അല്‍ സുബൂസി പറഞ്ഞു.
പെരുന്നാള്‍ നിസ്‌കാരത്തിനായി മസ്ജിദുകളുടെയും ഈദ് ഗാഹുകളുടെയും സന്നദ്ധത വകുപ്പ് ഉറപ്പാക്കി.
സുബഹി നിസ്‌കാരത്തിന് ശേഷം വിശ്വാസികളെ സ്വീകരിക്കാന്‍ പള്ളികള്‍ തുറക്കണമെന്ന് വകുപ്പ് മസ്ജിദ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഷാര്‍ജ സിറ്റിയിലും അല്‍ ഹംരിയയിലും രാവിലെ 5.44നും അല്‍ ദൈദിലും അല്‍ ബതായീഹിലും 5.43നും അല്‍ മദാമിലും മലീഹയിലും 5.44നും കിഴക്കന്‍ മേഖലയില്‍ രാവിലെ 5.41നും നിസ്‌കാരം നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."