നല്ലതിനായി മാറുക എന്ന സന്ദേശമാണ് കരുണാകര ഗുരു ലോകത്തിന് നല്‍കിയത്: ഉപരാഷ്ട്രപതി
തിരുവനന്തപുരം: നല്ലതിനായി മാറുക എന്നതാണ് നവജ്യോതി ശ്രീ.കരുണാകര ഗുരു ലോകത്തിന് നല്‍കിയ ആത്മീയ സന്ദേശത്തിന്റെ സത്തയെന്ന് ഉപരാഷ്ട്രപതി ശ്രീ. എം. ഹാമിദ് അന്‍സാരി പറഞ്ഞു. ആത്മപരിശോധനയിലൂടെയും അവനവനേക്കാള്‍ മറ്റുള്ളവരുടെ ക്ഷേമത്തിനും ഗുണത്തിനും മുന്‍ഗണന നല്‍കുന്നതും വഴിയാണ് ഈ മാറ്റം സാധ്യമാവുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
നവജ്യോതി ശ്രീ. കരുണാകരഗുരുവിന്റെ നവപൂജിതം (90-ാം ജന്‍മദിനം) ആഘോഷങ്ങള്‍ തിരുവനന്തപുരത്തെ പോത്തന്‍കോട്ടുള്ള ശാന്തിഗിരി ആശ്രമത്തില്‍ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദൈവത്തോടും പരിസ്ഥിതിയോടും സമാധാനം പുലര്‍ത്തിയുള്ള ജീവിതം നയിക്കാന്‍ തന്റെ അനുയായികളെ ഉദ്‌ബോധിപ്പിച്ച കരുണാകര ഗുരുവിന്റെ ശിക്ഷണം മുന്നോട്ടുകൊണ്ടുപോവുന്ന ആധ്യാത്മിക കേന്ദ്രമായാണ് ഈ ആശ്രമം ലോകമെമ്പാടും അറിയപ്പെടുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
ഗുരുവിന്റെ കാലാതിവര്‍ത്തിയായ ആത്മീയ മൂല്യങ്ങളും ആദര്‍ശങ്ങളുമായ സ്‌നേഹം, ലോക സമാധാനം, മത സൗഹാര്‍ദ്ദം എന്നിവ ആശ്രമം പ്രോത്സാഹിപ്പിക്കുന്നതായി ശ്രീ. ഹാമിദ് അന്‍സാരി ചൂണ്ടിക്കാട്ടി.
ആത്മീയത സാര്‍വലൗകികമായ ഒരു മനുഷ്യാനുഭവമാണ്. അത് എല്ലാവരെയും സ്പര്‍ശിക്കുന്നതാണ്. നമ്മുടെ ധാരണപോലെ, ആത്മീയതയെക്കുറിച്ചുള്ള വ്യക്തിപരമായ വ്യാഖ്യാനം നമ്മുടെ അനുഭവങ്ങള്‍ക്കും ബന്ധങ്ങള്‍ക്കുമനുസരിച്ച് ജീവിതകാലം മുഴുവന്‍ മാറിക്കൊണ്ടിരിക്കുമെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു.
നിലവിലെ ചിന്തകള്‍ മാറ്റി കുറേക്കൂടി വിശാലവും വ്യാപകവുമായ അനുഭവത്തിലേക്ക് മാറാന്‍ കരുണാകരഗുരു തന്റെ അനുയായികളെ വെല്ലുവിളിച്ചു. അത് ധ്യാനത്തിലൂടെയാവാം, പ്രാര്‍ഥനയിലൂടെയാവാം, മറ്റുള്ളവരെ സേവിക്കുന്നതിലൂടെയാവാം- ഉപരാഷ്ട്രപതി പറഞ്ഞു.
ആത്മീയത, ധ്യാന രീതികള്‍ എന്നിവ മെച്ചപ്പെട്ട ആരോഗ്യവും സൗഖ്യവും നല്‍കുമെന്നത് ഇന്ന് ഏറെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. എല്ലാ വിശ്വാസ സമ്പ്രദായങ്ങളുടെയും ഉള്ളില്‍ ധ്യാനരീതികള്‍ ഉണ്ടെന്നത് ഏറെ താല്‍പര്യമുണര്‍ത്തുന്നതും വിസ്മയകരവുമായ കാര്യമാമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
ഗവര്‍ണ്ണര്‍ ശ്രീ. ജസ്റ്റിസ് (റിട്ട) പി.സദാശിവം, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ കുര്യന്‍, മന്ത്രി ശ്രീ.കെ രാജു, ഡോ. എ. സമ്പത്ത് എം.പി., ശ്രീ. സി. ദിവാകരന്‍ എം.എല്‍.എ, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്സി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കരുണാകരഗുരുവിന്റെ ഭൗതീക ശരീരം അടക്കിയ താമരപര്‍ണശാലയില്‍ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി എത്തിയ ഉപരാഷ്ട്രപതി പുഷ്പാര്‍ച്ചന നടത്തി. പ്രാര്‍ഥനാലയവും സഹകരണ മന്ദിരവും സന്ദര്‍ശിച്ച അദ്ദേഹം ശാന്തിഗിരി ആശ്രമത്തിലെ ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."