ഈദ്; വിമാനത്താവളത്തിലെ സൗകര്യങ്ങൾ വിലയിരുത്തി ഉന്നത ഉദ്യോഗസ്ഥർ
ദുബൈ:വലിയ പെരുന്നാളിന്റെ ആദ്യ ദിനത്തിൽ യാത്രക്കാർക്ക് ലഭിക്കേണ്ട സേവനം ഉറപ്പാക്കാനും ഈദ് ആശംസകൾ നേരാനും ദുബൈ വിമാനത്താവളത്തിൽ ഉന്നതോദ്യോഗസ്ഥർ സന്ദർശനം നടത്തി. ജി.ഡി.ആർ.എഫ്.എ ദുബൈ ഡയരക്ടർ ജനറൽ ലഫ്.ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, അസിസ്റ്റന്റ് ഡയരക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ എന്നിവരടക്കമുള്ള ഉന്നതോദ്യോഗസ്ഥരാണ് എയർപോർട്ടിൽ സന്ദർശനം നടത്തിയത്.
ഈദ് കാലത്ത് സഞ്ചാരികൾക്ക് സന്തോഷകരമായ അനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർ എയർപോർട്ടിൽ പര്യടനം നടത്തിയത്. യാത്രാ സേവനങ്ങളിൽ ദുബൈക്കുള്ള മികവ് നിലനിർത്താനും ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾക്കുമായി ജി.ഡി.ആർ.എഫ്.എ സ്ഥിരം നടപടികൾ സ്വീകരിക്കാറുണ്ട്. വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ ശ്രദ്ധാപൂർവം പരിശോധിച്ചു. അവധി ദിവസത്തിലും യാത്രക്കാർക്ക് വേഗത്തിലും സുഗമമായും യാത്ര ചെയ്യാൻ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരുടെ മികവിനെ ലഫ്.ജനറൽ അൽ മർറി പ്രത്യേകം അഭിനന്ദിച്ചു. അദ്ദേഹം അവർക്ക് ഈദാശംസകളും നേർന്നു.
4 മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്കായി 2023 ഏപ്രിലിൽ എയർപോർട്ടിൽ തുടങ്ങിയ 'കി ഡ്സ് പാസ്പോർട്ട് പ്ലാറ്റ്ഫോം',സ്മാർട് ഗേറ്റുകൾ, സ്മാർട് ട്രാക്ക് തുടങ്ങിയ സൗകര്യങ്ങളും ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. ഈ സേവനങ്ങൾ യാത്രക്കാർക്ക് തൃപ്‌തി നിറഞ്ഞ സേവനം ലഭ്യമാക്കുകയും യാത്ര കൂടുതൽ ആസ്വാദ്യകരമാക്കുകയും ചെയ്യുന്നുവെന്ന് അൽ മർറി അഭിപ്രായപ്പെട്ടു. യാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാനുഭവം നൽകാൻ ദുബൈ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സംഘം എയർപോർട്ടിലുള്ള യാത്രക്കാരെ അഭിവാദ്യം ചെയ്യുകയും അവർക്ക് ഈദാശംസ നേരുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."