മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം; മത്സ്യ തൊഴിലാളി മരിച്ചു
തിരുവനന്തപുരം: മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം. അപകടത്തിൽ മത്സ്യ ബന്ധന തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് മരിച്ചത്. 50 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. വിക്ടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ രക്ഷപ്പെട്ടു.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. വിക്ടർ, ഫ്രാൻസിസ്, സുരേഷ് യേശുദാസ് എന്നിവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. വിക്ടർ ഒഴികെയുള്ളവർ രക്ഷപ്പെടുത്താൻ സാധിച്ചെങ്കിലും വിക്ടർ മരണപ്പെടുകയായിരുന്നു. രക്ഷപ്പെട്ട മൂന്ന് പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ഉടമസ്ഥതയിലുള്ള "ചിന്തധിര " എന്ന വള്ളമാണ് മറിഞ്ഞത്. അപകടസമയത്ത് അഴിമുഖത്തുണ്ടായിരുന്ന ഫിഷറീസ് ഗാർഡുകളും,കോസ്റ്റൽ പൊലിസും നടത്തിയ തെരച്ചിലാണ് വിക്ടറിനെ കണ്ടെത്തിയത്. മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടങ്ങൾ ഉണ്ടാകുന്നത് തുടർസംഭവമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."