അര ലക്ഷത്തിലേറെ വിദ്യാർഥികൾ പുറത്തുനിൽക്കേ സംസ്ഥാനത്തെ പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി വിദ്യാർഥി സംഘടനകൾ
തിരുവനന്തപുരം: അര ലക്ഷത്തിലേറെ വിദ്യാർഥികൾ പുറത്തുനിൽക്കുന്നതിനിടെ സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ സ്വീകരിച്ച് ആയിരിക്കും ക്ലാസുകൾക്ക് തുടക്കമാവുക. പ്ലസ് വൺ സീറ്റ് പ്രശ്നത്തിൽ പരിഹാരം കാണാത്ത സർക്കർ നടപടിയിൽ പ്രതിഷേധിച്ച് വിവിധ വിദ്യാർഥി സംഘടനകൾ ഇന്ന് സമരം നടത്തും.
സംസ്ഥാനത്തെ 2076 സ്‌കൂളുകളിലാണ് ഇന്ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. എയിഡഡ്, അൺഎയിഡഡ് ഹയർസെക്കന്ററി സ്‌കൂളുകളിലാണ് ഇന്ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. മുഖ്യ ഘട്ടത്തിലെ അലോട്ട്‌മെന്റുകൾ പൂർത്തിയായപ്പോൾ ഏകദേശം മൂന്നേകാൽ ലക്ഷം വിദ്യാർഥികൾ സ്ഥിരപ്രവേശനം നേടി. രണ്ട് സപ്ലിമെന്ററി അലോട്ട്‌മെന്റുകളാണ് ഇനി ബാക്കിയുള്ളത്. എന്നാൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾ ഉൾപ്പെടെ പുറത്തുനിൽക്കെ ഇനി എത്ര പേർക്ക് അഡ്മിഷൻ ലഭിക്കുമെന്ന ആശങ്ക ശക്തമാണ്. മലബാർ ജില്ലകളിലെ 80,000ൽ അധികം വിദ്യാർഥികളാണ് സീറ്റിനായി അപേക്ഷിച്ച് കാത്തിരിക്കുന്നത്.
എന്നാൽ, സംസ്ഥാനത്ത് എവിടെയും സീറ്റ് പ്രതിസന്ധി ഇല്ല എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. കണക്കുകൾ കാണിച്ച് സർക്കാരിന്റെ നിലപാട് തെറ്റാണെന്ന് കാണിച്ചിട്ടും സർക്കാർ പഴയ നിലപാടിൽ തന്നെ തുടരുകയാണ്. ഡിപ്ലോമ സീറ്റുകളും മറ്റും കാണിച്ചാണ് സർക്കാർ പ്രതിസന്ധി ഇല്ലെന്ന ന്യായം ഉന്നയിക്കുന്നത്. സംഭവത്തിൽ എസ്.കെ.എസ്.എസ്.എഫ്, എസ്.എഫ്.ഐ, എം.എസ്.എഫ്, കെ.എസ്.യു തുടങ്ങി എല്ലാ വിദ്യാർഥി സംഘടനകളും പ്രതിഷേധം ശക്തമാക്കുകയാണ്.
സീറ്റ് വിഷയത്തിൽ സർക്കാരിനെതിരെ എസ്.എഫ്.ഐ തന്നെ രംഗത്ത് വന്നിട്ടുണ്ട്. എസ്.എഫ്.ഐ പ്രഖ്യാപിച്ച മലപ്പുറം കളക്ടറേറ്റ് മാർച്ച് ഇന്ന് നടക്കും. എസ്.എഫ്.ഐ സമരം സർക്കാരിനെ സമ്മർദ്ദത്തിലാക്കും. മലപ്പുറം ജില്ലയിൽ മാത്രം 31,482 വിദ്യാർഥികൾക്കാണ് ഇനിയും സീറ്റ് ലഭിക്കാത്ത. പാലക്കാട് ജില്ലയിലെ 17,399 കുട്ടികളും കോഴിക്കോട് ജില്ലയിലെ 1601 വിദ്യാർഥികളും പടിക്ക് പുറത്താണ്.
അതേസമയം, മലപ്പുറം ജില്ലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ജൂൺ 25ന് വിദ്യാർഥിസംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. എന്നാൽ സീറ്റ് വിഷയത്തിൽ തീരുമാനം വൈകുന്നത് വിദ്യാർഥികൾക്ക് ക്ലാസുകൾ നഷ്ടമാകാൻ കാരണമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."