ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർള - കൊടിക്കുന്നിൽ സുരേഷ് മത്സരം ഇന്ന്; ഒറ്റക്കെട്ടെന്ന് ഇൻഡ്യ സഖ്യം
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എൻഡിഎയുടെ ഓം ബിർളയും ഇൻഡ്യ മുന്നണിയുടെ കൊടിക്കുന്നിൽ സുരേഷും തമ്മിലാണ് മത്സരം. ഇരുവരും പത്രിക സമർപ്പിച്ചു. രാവിലെ 11 മണിയ്ക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. കാൽ നൂറ്റാണ്ടിന് ശേഷമാണു ഇന്ത്യയിൽ സ്പീക്കർ സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തെ ചൊല്ലിയുള്ള ഭരണപക്ഷ - പ്രതിപക്ഷ തർക്കമാണ് സ്പീക്കർ പദവിയിലേക്കുള്ള മത്സരത്തിലേക്ക് നയിച്ചത്.
സ്പീക്കർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കളുമായി സർക്കാർ പ്രതിനിധി രാജ്‌നാഥ് സിങ് നടത്തിയ ചർച്ച ഫലപ്രദമായില്ല. ഇതോടെയാണ് കൊടിക്കുന്നിൽ സുരേഷ് നാമനിർദ്ദേശ പത്രിക നൽകിയത്. മത്സരത്തിൽ ഇന്ത്യാ മുന്നണി ഒറ്റക്കെട്ടായി നിൽക്കുമെന്ന് ഇന്നലെ രാത്രി ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. സുപ്രിയ സുലെ കൊടിക്കുന്നിലിനെ പിന്തുണച്ചുള്ള പ്രമേയത്തിൽ ഒപ്പിട്ടതോടെ എൻ.സി.പിക്ക് അതൃപ്തിയുണ്ടെന്ന ആശങ്ക മാറി.
എന്നാൽ കൊടിക്കുന്നിലിനെ സ്ഥാനാർഥിയായി നിർത്തിയ വിഷയം തങ്ങളുമായി ചർച്ച ചെയ്തില്ലെന്ന് തൃണമൂൽ അറിയിച്ചു. എന്നാൽ ഈ അതൃപ്തി അറിയിക്കലിന് പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തൃണമൂൽ നേതാക്കളെ കണ്ടിരുന്നു. ഇൻഡ്യ സഖ്യത്തിന്റെ യോഗം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്നിരുന്നു. ഇവിടെ നടന്ന് ചർച്ചകളിലൂടെ തൃണമൂലിനെ അനുനയിപ്പിക്കുകയായിരുന്നു.
അതേസമയം, ലോക്സഭയിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ കൊടിക്കുന്നിൽ സുരേഷിന് വിജയ സാധ്യത കുറവാണ്. എന്നാൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് എന്ന കീഴ്വഴക്കം ബി.ജെ.പി തെറ്റിച്ചെന്നത് ചർച്ചയാകാൻ സ്ഥാനാർഥിത്വത്തിനു കഴിഞ്ഞു. വിഷയത്തിൽ സമവായം കൊണ്ടുവരാൻ സാധിക്കാത്തത് എൻ.ഡി.എയുടെ തുടക്കത്തിലേ ഉള്ള വീഴ്ചയായും കണക്കാക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."