സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം: കനത്ത മഴയെ തുടർന്നു ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, വയനാട്, എറണാകുളം, ആലപ്പുഴ ജില്ലകളിൽ അങ്കണവാടികളും പ്രഫഷനൽ കോളജുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
മഹാരാഷ്ട്ര തീരം മുതൽ മധ്യകേരള തീരം വരെ ന്യൂനമർദപ്പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. കേരള തീരത്തു തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയുമാണ് ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത മൂന്ന് ദിവസം മഴ തുടരുമെന്നാണ് പ്രവചനം.
മഴ ശക്തമായതിനെ തുടർന്ന് വിവിധ ഇടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ഇതേതുടർന്ന് വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ്സി പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ല.
വയനാട്, ഇടുക്കി, കോട്ടയം ജില്ലകളിലെ വിനോദ സഞ്ചാരത്തിനും ഇന്ന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിൽ മുന്നാർ ഉൾപ്പെടെയുള്ള മേഖലയിൽ ഇടവിട്ട് മഴ തുടരുകയാണ്. പ്രശ്‌ന സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. രാത്രി യാത്ര നിരോധനവും തുടരുന്നുണ്ട്. തമിഴ്‌നാട്ടിലേക്ക് ദേവികുളം വഴിയുള്ള പാത മാറ്റി നിർത്തി ആനച്ചാൽ വഴി പോകാൻ നിർദേശമുണ്ട്. കല്ലാർ കുട്ടി, പാംബ്ല, മൂന്നാർ ഹെഡ് വർക്ക് ഡാം എന്നിവയുടെ ഷട്ടറുകൾ തുറന്നതിനാൽ പെരിയാർ, മുതിരപ്പുഴയാർ എന്നിവയുടെ തീരങ്ങളിൽ ജാഗ്രത നിർദ്ദേശമുണ്ട്.
വയനാട് ജില്ലയിൽ ഖനനത്തിന് കലക്ടർ താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. ഇന്നും നാളെയും ഖനനവോ മണ്ണെടുപ്പോ പാടില്ല. പുഴയിലോ വെള്ളക്കെട്ടുകളിലോ ഇറങ്ങരുതെന്നും പുഴയിൽ മീൻ പിടിക്കാൻ ഇറങ്ങരുതെന്നും മുന്നറിയിപ്പ് ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."