2023ല്‍ കേരളം വിട്ടത് 2.5 ലക്ഷം വിദ്യാര്‍ഥികള്‍; ഏറ്റവും കൂടുതല്‍ കുടിയേറ്റം ഈ ജില്ലകളില്‍; നോര്‍ക്കയുടെ പുതിയ റിപ്പോര്‍ട്ട്
മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി വിദേശത്തേക്ക് പറക്കുന്ന ഇന്ത്യക്കാരുടെ എണ്ണം പ്രതിവര്‍ഷം റോക്കറ്റ് വേഗത്തിലാണ് കുതിക്കുന്നത്. ഉയര്‍ന്ന ശമ്പളമുള്ള ജോലിയും, മികച്ച വിദ്യാഭ്യാസവുമൊക്കെയാണ് പലരെയും വിദേശത്തേക്ക് കടക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടങ്ങള്‍. ഇവരില്‍ പലരും പെര്‍മനന്റ് റസിഡന്‍സി നേടി അവിടെ തന്നെ സ്ഥിര താമസമാക്കുകയും ചെയ്യുന്നു. മലയാളികളും ഇക്കാര്യത്തില്‍ ഏറെ മുന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മാത്രം വിദ്യാഭ്യാസത്തിനായി കേരളം വിട്ട് വിദേശരാജ്യങ്ങളിലേക്ക് പോയത് 2.5 ലക്ഷം വിദ്യാര്‍ഥികളാണ്. 2018ല്‍ 1,29,763 പേര്‍ കേരളം വിട്ട സാഹചര്യത്തിലാണ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കണക്കുകള്‍ ഇരട്ടിയിലധികമായത്.
ജില്ല തിരിച്ചുള്ള കണക്കുകള്‍,
2023ല്‍ എറണാകുളം ജില്ലയില്‍ നിന്നാണ് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ വിദേശത്ത് പോയത്. 43,990 പേര്‍. തൊട്ടുപിന്നാലെ തൃശൂരും, കോട്ടയവുമുണ്ട്. യഥാക്രമം 35873, 35382 എന്നിങ്ങനെയാണ് രണ്ട് ജില്ലകളിലെയും കണക്കുകള്‍. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പോയത് വയനാട്ടില്‍ നിന്നാണ്. 3750 വിദ്യാര്‍ഥികളാമ് വയനാട് ജില്ലയില്‍ നിന്ന് കേരളം വിട്ടത്. കാസര്‍ഗോഡ് 4391, തിരുവനന്തപുരം 4887 എന്നിങ്ങനെയാണ് വിദ്യാര്‍ഥി കുടിയേറ്റത്തില്‍ പിറകിലുള്ള ജില്ലകള്‍. ഇതോടെ ലോകത്താകമാനമുള്ള മലയാളി പ്രവാസികളുടെ എണ്ണത്തില്‍ 11.3 ശതമാനമായി വിദ്യാര്‍ഥികള്‍ കൂടിയെന്നാണ് കണക്ക്.
ആകെ എണ്ണത്തില്‍ 54.4% പേരും ആണ്‍കുട്ടികളാണ്. നോര്‍ക്ക നടത്തിയ കേരള മൈഗ്രേഷന്‍ സര്‍വേയിലാണ് പുതിയ കണ്ടെത്തല്‍. ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസവും, ജോലിയും ലക്ഷ്യമാക്കിയാണ് കുട്ടികള്‍ വിദേശരാജ്യങ്ങളിലേക്ക് പോകുന്നതെന്നും സര്‍വേ പറയുന്നു. വിദേശത്ത് പോയ വിദ്യാര്‍ഥികളില്‍ 80% ഏതെങ്കിലുമൊരു ബിരുദം നേടിയ ശേഷമാണ് രാജ്യം വിട്ടത്. യു.കെയാണ് കുടിയേറ്റത്തില്‍ മുന്നിലുള്ള രാജ്യം. തൊട്ടുപിന്നാലെ കാനഡയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."