മോഹക്കപ്പ്; ഇന്ത്യ x ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് ഫൈനൽ ഇന്ന്
ബ്രിഡ്ജ്ടൗൺ: ടി20 ലോകകപ്പ രണ്ടാം കിരീടം തേടി ഇന്ത്യയുടെ നീലപ്പട ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരേ ഇറങ്ങുന്നു. ഏകദിന ലോകകപ്പിൽ ചുണ്ടിനും ഭാഗ്യത്തിനുമിടയിൽനിന്ന് വഴുതിപ്പോയെ കിരീടത്തിന് പ്രായശ്ചിത്തം ചെയ്യാനുറച്ചാകും ഇന്ത്യ ഇന്ന് പാഡണിയുക. നേരത്തെ 2007ൽ ഇന്ത്യ ടി20 ലോകകപ്പ് ചാംപ്യൻമാരായിരുന്നു. അതിന് ശേഷം മൂന്നാമത്തെ ഫൈനലിലാണ് ഇന്ത്യ ഇപ്പോൾ കളിക്കുന്നത്. 2014ൽ ബംഗ്ലാദേശിൽ നടന്ന ടൂർണമെന്റിൽ ഇന്ത്യ ഫൈനലിലെത്തിയിരുന്നെങ്കിലും ശ്രീലങ്കയോട് അടിയറവ് പറയേണ്ടി വന്നു.
ഏറ്റവും മികച്ച ബാറ്റർമാരും ബൗളർമാരുമാണ് ഇന്ത്യയുടെ കരുത്ത്. ബാറ്റിങ്‌നിരയിൽ ഫോം കുറവായാൽ പന്തു കൊണ്ട് എറിഞ്ഞു പിടിക്കുന്ന ബൗളർ ഉള്ളതാണ് ഇന്ത്യയുടെ കരുത്ത്. അതിനാൽ ഇന്നത്തെ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരേ ഇന്ത്യക്ക് ആത്മവിശ്വാസത്തെ കളിക്കാനാകും.
വെടിക്കെട്ട് തുടക്കം നൽകുന്ന ക്യാപ്റ്റൻ രോഹിതാണ് ബാറ്റിങ്ങിൽ ഇന്ത്യയുടെ കുന്തമുന. ഓപണറായി ക്രീസിലെത്തി തുടർച്ചയായ പരാജയമായി മാറുന്ന വിരാട് കോഹ് ലിയുടെ കാര്യത്തിൽ തന്നെയാകും ഇന്ത്യയുടെ ആശങ്ക. തുടക്കത്തിൽതന്നെ പ്രധാന വിക്കറ്റ് നഷ്ടപ്പെടുമ്പോൾ ടീമിന്റെ ബാലൻസിനെ അത് കാര്യമായി ബാധിക്കാനിടയുണ്ട്. അതിനാൽ കോഹ് ലി ഇന്ന് ശ്രദ്ധയോടെ കളിച്ചാൽ മറ്റുള്ള ബാറ്റർമാർക്ക് കൂടി അത് സഹായകമാകും. ശിവം ദുബൈ, രവീന്ദ്ര ജഡേജ എന്നിവർക്കും ബാറ്റിങ്ങിൽ ഫോമിലേക്കുയരാൻ സാധിച്ചിട്ടില്ല. അവസാന മത്സരത്തിൽ ഗോൾഡൻ ഡക്കായ ദുബെക്ക് ഇന്ന് അവസരം നൽകുമോ എന്ന കാര്യം കണ്ടറിയണം. ബൗളിങ്ങിൽ ഇന്ത്യക്ക് ആശങ്കപ്പെടാനില്ല. ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരെല്ലാം ഇന്ത്യക്കായി മികച്ച സംഭാവന ഇതുവരെ നൽകിയിട്ടുണ്ട്. ഈ ഫോം തുടർന്നാൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ പെട്ടെന്ന് മടക്കാൻ ഇന്ത്യക്ക് കഴിയും. മറുഭാഗത്ത് ദക്ഷിണാഫ്രിക്കയും ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ മികവ് പുലർത്തുന്നവരാണ്.
വന്ന വഴി
ഗ്രൂപ്പ്ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കക്കെതിരേ ആറു വിക്കറ്റിന്റെ ജയം. രണ്ടാം മത്സരത്തിൽ വിറച്ചാണെങ്കിലും നെതർലൻഡ്‌സിനെ നാലു വിക്കറ്റിന് വീഴ്ത്തി. തുടർന്ന് ബംഗ്ലാദേശിനെയായിരുന്നു ദക്ഷിണാഫ്രിക്ക നേരിട്ടത്. ബംഗ്ലാദേശിനെതിരേ നാലു റൺസിന്റെ ജയം. പിന്നീട് നേപാളായിരുന്നു ദക്ഷിണാഫ്രിക്കക്ക് മുന്നിലെത്തിയത്. എന്നാൽ നേപ്പാളിനോട് കഷ്ടപ്പെട്ട് ഒറ്റ റണ്ണിനായിരുന്നു പ്രോട്ടീസ് ജയിച്ചു കയറിയത്. പിന്നീട് സൂപ്പർ 8ലെ ആദ്യ മത്സരത്തിൽ ആതിഥേയരായ അമേരിക്കയെ വീഴ്ത്തിയ ദക്ഷിണാഫ്രിക്ക രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെയും തോൽപിച്ചു. ഇംഗ്ലണ്ടിനെതിരേ ഏഴു റൺസിന്റെ ജയമായിരുന്നു പ്രോട്ടീസിന്റേത്. പിന്നീട് സൂപ്പർ 8ലെ അവസാന മത്സരത്തിൽ വിൻഡീസിനെ തോൽപ്പിച്ച ദക്ഷിണാഫ്രിക്കക്ക് അഫ്ഗാനിസ്ഥാനെയായിരുന്നു സെമിയിൽ ലഭിച്ചത്. സെമിയിൽ അഫ്ഗാനെ അനായാസം കീഴടക്കിയ ദക്ഷിണാഫ്രിക്ക ഫൈനൽ ടിക്കറ്റുറപ്പിക്കുകയായിരുന്നു.
ഗ്രൂപ്പ്ഘട്ടത്തിലെ ആദ്യ മത്സരത്തിൽ അയർലൻഡിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തിയ ഇന്ത്യ രണ്ടാം മത്സരത്തിൽ പാകിസ്ഥാനെയും കീഴടക്കി. മൂന്നാം മത്സരത്തിൽ അൽപം വിയർത്തെങ്കിലും യു.എസ്.എക്കെതിരേയും ജയിച്ചു കയറാൻ ഇന്ത്യക്കായി. പിന്നീട് സൂപ്പർ8 പ്രവേശിച്ച ഇന്ത്യക്ക് അയൽക്കാരായ അഫ്ഗാനിസ്ഥാനായിരുന്നു എതിരാളികൾ. അഫ്ഗാനെയും അനായാസം കീഴടക്കിയ ഇന്ത്യക്ക് മുന്നിൽ പിന്നീടെത്തിയത് ബംഗ്ലാദേശായിരുന്നു.
ബംഗ്ലാദേശിനെ 50 റൺസിന് തോൽപിച്ച ഇന്ത്യ സൂപ്പർ 8ലെ അവസാന മത്സരത്തിൽ ഓസീസിനെയും കെട്ടുകെട്ടിച്ചു. തുടർന്നായിരുന്നു സെമിയിലേക്ക് മുന്നേറിയത്. സെമിയിൽ ഇംഗ്ലണ്ടിനും നാട്ടിലേക്ക് ടിക്കറ്റ് നൽകിയാണ് ഇന്ത്യ ഇന്ന് പ്രോട്ടീസിനെതിരേ ഫൈനൽ അങ്കത്തിനിറങ്ങുന്നത്.
100%
എയ്ഡൻ മാർക്രമിൻ്റെ ക്യാപ്റ്റൻസിയിൽ ലോകകപ്പ് മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക ഇതുവരെ പരാജയമറിഞ്ഞിട്ടില്ല. 2014 അണ്ടർ- 19 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ നയിച്ച മാർക്രം ആറു മത്സരങ്ങളിൽ ഒരു മത്സരം പോലും പരാജയപ്പെടാതെ ടീമിനെ കിരീട നേട്ടത്തിലെത്തിച്ചു. 2023 ഏകദിന ലോകകപ്പിൽ ബാവുമയ്ക്ക് പകരം രണ്ടു മത്സരങ്ങളിൽ ടീമിനെ നയിച്ച മാർക്രം രണ്ടിലും ജയം കണ്ടു. ഇപ്പോൾ ടി20 ലോകകപ്പിലും ഒരു മത്സരം പോലും പരാജയപ്പെടാതെ ടീമിെന കലാശപ്പോരിലെത്തിച്ചിരിക്കുന്നു.
1-3
ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്ക് ഇത് മൂന്നാം അങ്കമാണ്. 2007ലെ പ്രഥമ ലോകകപ്പിലും 2014ലുമാണ് ഇന്ത്യ ഇതിനു മുന്പ് കലാശപ്പോരിനിറങ്ങിയത്. മറുവശത്ത് ആദ്യമായാണ് ദക്ഷിണാഫ്രക്കഒരു ലോകകപ്പിലെ ഫൈനൽ കളിക്കുന്നത്.
11-14
ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇതുവരെ 26 തവണയാണ് ടി20 മത്സരങ്ങളിൽ ഏറ്റുമുട്ടിയത്. അതിൽ 14 മത്സരത്തിൽ ഇന്ത്യ ജയിച്ചപ്പോൾ 11 മത്സരത്തിൽ ദക്ഷിണാഫ്രിക്കയും വെന്നിക്കൊടി പാറിച്ചു. ടി20 ലോകകപ്പിൽ ആറു മത്സരങ്ങളിൽ ഇന്ത്യക്ക് നാലു ജയവും ദക്ഷിണാഫ്രിക്ക രണ്ട് ജയവുമാണുള്ളത്.
8/8
ഗ്രൂപ്പ് റൌണ്ടിലും സൂപ്പർ എട്ടിലും ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കലാശപ്പോരിനിറങ്ങുന്നത്. സെമി ഫൈനൽ വരെ എട്ട് മത്സരങ്ങളാണ് ഇരു ടീമുകളും കളിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."