ബ്രിട്ടൻ അധികാരമാറ്റത്തിലേക്ക്; ഋഷി സുനകിന് തിരിച്ചടി, ലേബർ പാർട്ടി മുന്നേറ്റം
ലണ്ടൻ: 14 വർഷം നീണ്ട കൺസർവേറ്റീവ് ഭരണത്തിന് വിരാമമാകുമെന്ന സൂചനകൾ നൽകി ബ്രിട്ടണിൽ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. നിലവിലെ സാഹചര്യത്തിൽ ആകെയുള്ള 650 സീറ്റിൽ ലേബർ പാർട്ടി 410 സീറ്റ് നേടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എക്‌സിറ്റ്‌പോൾ ഫലവും ആദ്യ ഫലസൂചനകളും ഈ കണക്കുകൾ ശരിവെക്കുന്നതാണ്. ലേബർ പാർട്ടി അധികാരത്തിലേറിയാൽ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും. ഋഷി സുനകിന്‍റെ ഭരണത്തിന് ഇതോടെ അവസാനമാകും.
നിലവിൽ 116 സീറ്റുകളിലാണ് ലേബർ പാർട്ടി മുന്നേറുന്നത്. ഇതിൽ മിക്കതും കൺസർവേറ്റീവ് പാർട്ടിയുടെ സിറ്റിംഗ് സീറ്റുകളാണ്. കൺസർവേറ്റീവ് പാർട്ടിക്ക് 19 സീറ്റ് മാത്രമാണ് ലഭിച്ചത്. ലിബറൽ ഡെമോക്രറ്റിസ് 14 സീറ്റുകളും നേടിയിട്ടുണ്ട്. എക്‌സിറ്റ്‌പോൾ ഫലങ്ങൾ അതുപോലെ ശരിവെക്കുന്ന തരത്തിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. എക്‌സിറ്റ് പോളുകൾ അതുപോലെ സംഭവിക്കുന്ന രാജ്യമാണ് ബ്രിട്ടൻ. ഔദ്യോഗിക ഫലങ്ങൾ 10 മണിയോടെ പുറത്തുവരും.
ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലായി 4.6 കോടി പേർക്കാണ് വോട്ടവകാശമുള്ളത്. 326 എന്ന മാന്ത്രിക നമ്പറിലേക്ക് ലേബർ പാർട്ടി വൈകാതെ മറികടക്കുമെന്നാണ് റിപ്പോർട്ട്. 2022 ഒക്ടോബറിൽ പ്രധാനമന്ത്രിയായിരുന്ന ലിസ്ട്രസ് രാജിവച്ചതിന് പിന്നാലെയാണ് സുനക് പ്രധാനമന്ത്രിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."