പ്രമേഹ രോഗികള്‍ക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
ഇന്ന് ഒട്ടുമിക്ക് ആളുകളേയും അലട്ടുന്ന പ്രശ്‌നമാണ് പ്രമേഹം അഥവാ ഷുഗര്‍. ഭക്ഷണത്തില്‍ എത്ര തന്നെ നിയന്ത്രണം വരുത്തിയാലും ചിലപ്പോഴൊക്കെ പ്രമേഹത്തിന്റെ അളവില്‍ വലിയ മാറ്റമൊന്നുമുണ്ടാകാറില്ല. പ്രമേഹരോഗികള്‍ ഇടയ്ക്കിടയ്ക്ക് പോയി ലാബില്‍ പോയി പരിശോധന നടത്താറുണ്ട്. എന്നാല്‍ പ്രായമായവര്‍ക്ക് ഇത്തരത്തില്‍ പുറത്തുപോയി ഇടയ്ക്കിടെ പരിശോധന നടത്തുന്നത് അല്‍പം ബുദ്ധിമുട്ടാണ്. സ്വന്തമായി ഗ്ലുക്കോമീറ്ററുണ്ടെങ്കില്‍ വീട്ടിലിരുന്നുകൊണ്ട് തന്നെ നിങ്ങളുടെ ഗ്ലൂക്കോസിന്റെ അളവ് മനസിലാക്കാം.
പ്രായമായവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ ലഭിക്കും. സാമൂഹ്യനീതി വകുപ്പിന്റെ വയോമധുരം പദ്ധതി വഴി ബി.പി.എല്‍ വിഭാഗം വയോജനങ്ങള്‍ക്കാണ് ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി വിതരണം ചെയ്യുന്നത്. പദ്ധതിയിലേക്കുള്ള അപേക്ഷകള്‍ suneethi.sjd.kerala.gov.in ല്‍ ഓണ്‍ലൈനായി നല്‍കാം.
അപേക്ഷകന്റെ വിലാസം, തിരിച്ചറിയല്‍ രേഖ, ബാങ്ക് വിവരങ്ങള്‍ എന്നിവ പൂര്‍ത്തിയാക്കിയ ശേഷം സ്‌കീമുകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകന്‍/ അപേക്ഷക പ്രമേഹ രോഗിയാണെന്ന് അംഗീകൃത ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. അപേക്ഷകന്‍/അപേക്ഷക 60 നോ അതിനു മുകളിലോ പ്രായം ഉള്ളവരായിരിക്കണം. കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ പ്രായത്തില്‍ മുതിര്‍ന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും.പ്രായം തെളിയിക്കുന്ന സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും രേഖ, പ്രമേഹ രോഗിയാണെന്ന് സര്‍ക്കാര്‍ എന്‍.ആര്‍.എച്ച്.എം ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബി.പി.എല്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് അല്ലെങ്കില്‍ പഞ്ചായത്ത്/നഗരസഭ/കോര്‍പ്പറേഷനില്‍ നിന്നും ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ വില്ലേജ് ഓഫീസില്‍ നിന്ന് ലഭിച്ച ബി.പി.എല്‍ പരിധിയില്‍പ്പെട്ട വരുമാന സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളാണ് ആവശ്യം. കൂടുതല്‍ വിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലുളള സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും.
എന്താണ് ഗ്ലൂക്കോമീറ്റര്‍
വീട്ടില്‍ തന്നെയിരുന്ന് സ്വന്തമായി രക്തത്തിലെ ഷുഗര്‍നില പരിശോധിക്കാനുള്ള ഉപകരണമാണ് ഗ്ലൂക്കോമീറ്റര്‍. ബാറ്ററിയിലാണ് ഈ ഇലക്ട്രോണിക് ഉപകരണം പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഒരു സ്ട്രിപ്പും സൂചിയും ഉണ്ടായിരിക്കണം. കൈ നന്നായി വൃത്തിയാക്കണം. ഇതിനുശേഷം വിരല്‍ തുമ്പ് സ്പിരിറ്റ് വെച്ച് തുടച്ച് സൂചികൊണ്ട് കുത്തുക.അപ്പോള്‍ പുറത്തുവരുന്ന ഒരു തുള്ളി രക്തമെടുത്ത് ഗ്ലൂക്കോമീറ്ററിന്റെ സ്ട്രിപ്പില്‍ ഇടുക. ഏതാനും സെക്കന്റിനുള്ളില്‍ ഗ്ലൂക്കോസ് നില എത്രയെന്ന് കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."