സമാധാനത്തിനും ഐക്യത്തിനും പ്രവാചകന്‍ നല്‍കിയ പ്രാധാന്യം വിശ്വാസികള്‍ എറ്റെടുക്കണം: കെ.ടി ജലീല്‍
നെടുമ്പാശ്ശേരി: ലോക സമാധാനത്തിനും മാനുഷിക ഐക്യത്തിനും പ്രവാചകന്‍ നല്‍കിയ പ്രാധാന്യം സമൂഹത്തില്‍ പ്രചരിപ്പിക്കാനുള്ള ദൗത്യം വിശ്വാസികള്‍ ഏറ്റെടുക്കണമെന്ന് ഹജ്ജിന്റെ ചുമതലയുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. ഹജ്ജ് ക്യാംപില്‍ തീര്‍ഥാടകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിന് ഏറ്റവും പ്രാമുഖ്യം നല്‍കുന്ന മതമാണ് ഇസ്‌ലാം. ഇസ്‌ലാം വിഭാവനം ചെയ്യുന്ന മാനവ ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണ് ഹജ്ജ് പകര്‍ന്നു നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭീകരതയും തീവ്രവാദവും തികച്ചും ഇസ്‌ലാമിക വിരുദ്ധമാണെന്നും അശാന്തിയും അക്രമങ്ങളും ഇല്ലാതാക്കാനാണ് ഇസ്‌ലാമിക ഭരണക്രമങ്ങള്‍ ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷനായിരുന്നു. എല്‍ദോ എബ്രഹാം എം.എല്‍.എ, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, മുന്‍ എം.എല്‍.എ എ.എം.യൂസഫ്, ഷരീഫ് മണിയാട്ടുകുടി, എന്‍.മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."