അർജുനെ തേടിയുള്ള തിരച്ചിൽ ഇന്നും തുടരും; ഗംഗാവലി നദിയിൽ സിഗ്നൽ ലഭിച്ചിടത്ത് ഇന്ന് പരിശോധന; കരാർ കമ്പനിക്കെതിരെ കേസ്
തിരുവനന്തപുരം: ഉത്തര കന്നഡയിലെ ഷിരൂരിൽ കാണാതായ മലയാളി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുന് വേണ്ടി തിരച്ചിൽ ഇന്നും തുടരും. കഴിഞ്ഞ എട്ട് ദിവസങ്ങളിലായി നടത്തിയ തിരച്ചിലിൽ ഇതുവരെയും ലോറിയെ സംബന്ധിച്ച് കാര്യമായ സൂചനകൾ ലഭിച്ചിട്ടില്ല. ഗംഗാവലി നദിയിലായിരിക്കും ഇന്ന് തിരച്ചിൽ തുടരുക. അത്യാധുനിക സ്കാനർ ഇന്ന് ഷിരൂരിലെത്തിക്കും. 8 മീറ്ററും 90 മീറ്ററും വരെ ആഴത്തിൽ ഇതുപയോഗിച്ച് പരിശോധന നടത്താനാവും.
കഴിഞ്ഞ വർഷമുണ്ടായ സിക്കിം പ്രളയത്തില്‍ തിരച്ചിൽ നടത്താന്‍ ഫലപ്രദമായി ഉപയോഗിച്ച റേഡിയോ ഫ്രീക്വൻസി സ്കാനർ ആണ് ഷിരൂരിൽ എത്തിക്കുന്നത്. സൈനിക ആവശ്യങ്ങൾക്ക് വേണ്ടി ഉത്തർപ്രദേശിലെ ഒരു സ്വകാര്യ കമ്പനിയാണ് ഈ സംവിധാനം നിർമ്മിച്ചിരിക്കുന്നത്.
ലോഹഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാഗത്ത് ഇന്ന് പരിശോധന നടത്തും. മുൻ സൈനിക ഉദ്യോഗസ്ഥൻ എം ഇന്ദ്രബാലനും ഇന്ന് ദൗത്യത്തിന്റെ ഭാഗമാകും.
റഡാർ പരിശോധനയിൽ ലോറി ഉണ്ടെന്ന് കണ്ടെത്തിയ അതേസ്ഥലമാണ് സോണാർ പരിശോധനയിലും കണ്ടെത്തിയിട്ടുള്ളത്. ഇത് ലോറിയുടെ ഭാഗങ്ങൾ എന്നാണ് സംശയം. റഡാർ, സോണാർ പരിശോധനകളിൽ ഒരേ സ്ഥലം കണ്ടെത്തുന്നത് ഇതാദ്യമായാണ്. ഇവിടെയാകും ഇന്ന് പ്രധാനമായും തിരച്ചിൽ നടത്തുക.
ഇതിനിടെ, അർജുനെ കാണാതായ ഷിരൂരിലെ ദേശീയ പാത നിർമിച്ച ഐ.ആര്‍.ബി, എന്‍.എച്ച്.എക്കെതിരെ കേസെടുത്തു. അശാസ്ത്രീയമായി ദേശീയ പാത നിര്‍മ്മിച്ചതിനാണ് കരാര്‍ കമ്പനിക്കും ദേശീയ പാത അതോറിറ്റിക്കുമെതിരെ കേസെടുത്തത്. പുരുഷോത്തം നായിക് എന്ന വ്യക്തിയുടെ പരാതിയിലാണ് കേസെടുത്തെന്ന് കർണാടക സർക്കാർ അറിയിച്ചു. ഇതുസംബന്ധിച്ച് നിർണായക വിവരം കോടതിയിൽ നൽകുന്ന റിപ്പോർട്ടിൽ ഉണ്ടാകുമെന്നാണ് വിവരം.
അതേസമയം, അര്‍ജുനെ കണ്ടെത്താന്‍ അടിയന്തിര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹരജി കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയുടെ ബംഗളുരു പ്രിന്‍സിപ്പല്‍ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ഹരജിയില്‍ കേന്ദ്ര സര്‍ക്കാരും കര്‍ണാടക സംസ്ഥാന സര്‍ക്കാരും ഇന്ന് തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കും. ജസ്റ്റിസുമാരായ കാമേശ്വര്‍ റാവു, സിഎം ജോഷി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് തല്‍സ്ഥിതി റിപ്പോര്‍ട്ട് പരിഗണിക്കും. കാണാതായ പത്തില്‍ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തിയെന്നാണ് കേന്ദ്ര സര്‍ക്കാർ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."