കേന്ദ്ര ബജറ്റ്; 'മോദി നിങ്ങള്‍ ഒറ്റപ്പെടും'; മുന്നറിയിപ്പുമായി സ്റ്റാലിന്‍
ചെന്നൈ: കേന്ദ്രബജറ്റിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നറിയിപ്പുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഭരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് പകരം എതിരാളികളെ മാത്രം ലക്ഷ്യം വച്ചാല്‍ താങ്കള്‍ ഒറ്റപ്പെടുമെന്നാണ് സ്റ്റാലിന്റെ മുന്നറിയിപ്പ്. ഇന്ത്യാ സഖ്യം മുന്നേറ്റമുണ്ടാക്കിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കേന്ദ്ര ബജറ്റില്‍ അവഗണിച്ചെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.
'തെരഞ്ഞെടുപ്പ് കഴിഞ്ഞു... ഇനി നമ്മള്‍ രാജ്യത്തെ കുറിച്ച് ചിന്തിക്കണം. 2024 കേന്ദ്ര ബജറ്റ് നിങ്ങളുടെ ഭരണത്തെ രക്ഷിക്കും... പക്ഷേ രാജ്യത്തെ രക്ഷിക്കില്ല. കാര്യങ്ങള്‍ വസ്തുനിഷ്ഠമായി നടത്തൂ, അല്ലെങ്കില്‍ നിങ്ങള്‍ ഒറ്റപ്പെടും.' സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.
'നിങ്ങളെ തോല്‍പ്പിച്ചവരോട് ഇനിയും പ്രതികാരബുദ്ധി കാണിക്കരുത്. നിങ്ങളുടെ രാഷ്ട്രീയ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ഭരിച്ചാല്‍ താങ്കള്‍ ഒറ്റപ്പെടും' കുറിപ്പില്‍ പറയുന്നു.
തമിഴ്‌നാട് മുന്നോട്ട് വെച്ച ഒരു ആവശ്യങ്ങള്‍ക്കും ബജറ്റില്‍ തുക നീക്കിവെച്ചില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു. ബജറ്റില്‍ സംസ്ഥാനത്തിനായി പുതിയ പ്രഖ്യാപനങ്ങളൊന്നും തന്നെയില്ലെന്നും സംസ്ഥാനത്തെ ബജറ്റില്‍ മോദി സര്‍ക്കാര്‍ അവഗണിച്ചെന്നും ഡി.എം.കെ ആരോപിച്ചു.
അതേസമയം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര ബജറ്റിലെ വിവേചനം ചൂണ്ടിക്കാട്ടി ശക്തമായ പ്രതിഷേധവുമായി ഇന്ത്യന്‍ മുന്നണി രംഗത്തെത്തി. ബജറ്റ് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി പാര്‍ലമെന്റിനകത്തും പുറത്തും ഇന്‍ഡ്യാ മുന്നണി പ്രതിഷേധിച്ചു. ധനമന്ത്രി നിര്‍മല സീതാരാമന്‍ രാജ്യസഭയില്‍ സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ മുദ്രാവാക്യം മുഴക്കി വോക്കൗട്ട് നടത്തിയ പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റ് അങ്കണത്തില്‍ പ്രതിഷേധ ധര്‍ണയും നടത്തി.കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
ബജറ്റിനെതിരെ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭയും ലോക്‌സഭയും ബഹളത്തോടെയാണ് തുടങ്ങിയത്. ബജറ്റില്‍ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാനാകില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാജ്യസഭയില്‍ പറഞ്ഞു. രാജ്യസഭയിലും ലോക്‌സഭയിലും ശക്തമായ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന ഇന്‍ഡ്യാ സഖ്യയോഗത്തിലാണ് പ്രതിഷേധം നടത്താന്‍ തീരുമാനിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ജൂലൈ 27ന് നടക്കാനിരിക്കുന്ന നിതി ആയോഗ് യോഗവും ബഹിഷ്‌കരിക്കും.
dmk slams narendra modi on central government budjet
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."