മയ്യിച്ച റെയില്‍വേ അടിപ്പാത യാഥാര്‍ഥ്യമാകുന്നു
ചെറുവത്തൂര്‍: മയ്യിച്ച റെയില്‍വേ അടിപ്പാത നിര്‍മാണത്തിനുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തില്‍. അടിപ്പാത നിര്‍മാണത്തിനായി എസ്റ്റിമേറ്റ് പ്രകാരം നല്‍കാനുള്ള 78,225 രൂപ സെന്റേജ് ചാര്‍ജ് ഒടുക്കുന്നതിനുള്ള അനുമതി തദ്ദേശവകുപ്പില്‍ നിന്നും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിന് ലഭിച്ചു.
അടിപ്പാത നിര്‍മാണത്തിനായി 1,67,16,740 രൂപയുടെ എസ്റ്റിമേറ്റാണ് റെയില്‍വേ നല്‍കിയിട്ടുള്ളത്. ഇതില്‍ ആദ്യഘട്ട സെന്റേജ് ചാര്‍ജായി പഞ്ചായത്ത് തനത് ഫണ്ടില്‍നിന്നും 3,38,515 രൂപ റെയില്‍വേക്ക് കൈമാറി. 1,63,00,000 രൂപ പി.ഡബ്ല്യു.ഡി റോഡ് ഡിവിഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയറും നല്‍കിക്കഴിഞ്ഞു. പി. കരുണാകരന്‍ എം.പിയാണ് മയ്യിച്ച അടിപ്പാതയ്ക്ക് റെയില്‍ ഡി.ആര്‍.എമ്മിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചത്. ഇതേതുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഡിവിഷനല്‍ എന്‍ജിനിയര്‍ സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം മയ്യിച്ചയിലെത്തി സ്ഥലം പരിശോധിക്കുകയും സാങ്കേതിക തടസങ്ങളൊന്നുമില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
വാഹനങ്ങള്‍ക്കും മറ്റും സുഗമമായി കടന്നുപോകാന്‍ സാധിക്കുന്ന രീതിയില്‍ 2.75 മീറ്ററിലാണ് അടിപ്പാത നിര്‍മിക്കുക. അടിപ്പാത യാഥാര്‍ഥ്യമാകുന്നതോടെ ചെറുവത്തൂര്‍ പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയായ തുരുത്തി, കാരിയില്‍, മീന്‍കടവ്, മയ്യിച്ച പടിഞ്ഞാറ്, കുറ്റിവയല്‍, കുണ്ടുപടന്ന, കിഴക്കേമുറി തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് എളുപ്പത്തില്‍ ദേശീയപാതയുമായും ചെറുവത്തൂര്‍, നീലേശ്വരം ടൗണുമായും ബന്ധപ്പെടാനാകും.
നിലവില്‍ നിരവധി യാത്രക്കാര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ റെയില്‍പാളം മറികടന്നാണ് സ്‌കൂളുകളിലേക്കും മറ്റിടങ്ങളിലേക്കും പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."