നിത അംബാനി വീണ്ടും രാജ്യാന്തര ഒളിംപിക് കമ്മിറ്റി മെമ്പര്‍; തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ
പാരിസ്: റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പഴ്‌സന്‍ നിത അംബാനിയെ വീണ്ടും രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐ.ഒ.സി) അംഗമായി തെരഞ്ഞെടുത്തു. 142ാമത് ഐ.ഒ.സി സെഷനിലാണ് ഇന്ത്യയില്‍ നിന്നുള്ള ഐ.ഒ.സി അംഗം എന്ന നിലയില്‍ എതിരില്ലാതെ നിത അംബാനി തെരഞ്ഞെടുക്കപ്പെട്ടത്.
രാജ്യാന്തര കായികവേദിയില്‍ ഇന്ത്യയ്ക്കു ലഭിക്കുന്ന അംഗീകാരമാണിതെന്നും കായികമേഖലയുടെ വളര്‍ച്ചയ്ക്കായി പരിശ്രമിക്കുമെന്നും നിത അംബാനി പറഞ്ഞു.
''അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അംഗമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതില്‍ ഞാന്‍ അങ്ങേയറ്റം സന്തുഷ്ടയാണ്. വലിയ ആദരവാണത്. എന്നില്‍ വീണ്ടും വിശ്വാസമര്‍പ്പിച്ചതിന് പ്രസിഡന്റ് ബാക്കിനും ഐ.ഒ.സിയിലെ എന്റെ സഹപ്രവര്‍ത്തകരോടും ഞാന്‍ ആത്മാര്‍ഥമായി നന്ദി പറയുകയാണ്. വീണ്ടും എന്നിലേക്കെത്തിയ നേട്ടത്തെ വ്യക്തിപരമായല്ല ഞാന്‍ കാണുന്നത്. ആഗോള കായികരംഗത്ത് ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തിനുള്ള അംഗീകാരം കൂടിയാണിത്. ഓരോ ഇന്ത്യക്കാരനുമായും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ഈ നിമിഷം ഞാന്‍ പങ്കിടുകയാണ്. ഇന്ത്യയിലും ലോകമെമ്പാടും ഒളിമ്പിക് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനായി ഞാന്‍ പ്രവര്‍ത്തിക്കും.'' - നിത അംബാനി പറഞ്ഞു.
2016 റിയോ ഒളിംപിക്‌സിലാണ് നിത അംബാനി ആദ്യമായി ഐ.ഒ.സിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. കമ്മിറ്റിയില്‍ അംഗമാകുന്ന ആദ്യ ഇന്ത്യന്‍ വനിതയായിരുന്നു നിത.
അസോസിയേഷന് വേണ്ടി നിത അംബാനി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യയുടെ കായികപരമായ അഭിലാഷങ്ങളും ഒളിമ്പിക് വീക്ഷണവും ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി 2023 ഒക്ടോബറില്‍, 40 വര്‍ഷത്തിന് ശേഷം മുംബൈയില്‍ ആദ്യമായി ഐ.ഒ.സി സെഷന് ആതിഥേയത്വം വഹിക്കാനും ഇന്ത്യക്കായി.
ഇന്ത്യയുടെ സമീപകാല കായികവളര്‍ച്ചയില്‍ നിത അംബാനി നയിക്കുന്ന റിലയന്‍സ് ഫൗണ്ടേഷന്‍സ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കായികം, വിദ്യാഭ്യാസം, ആരോഗ്യം, കല, സംസ്‌കാരം എന്നിവയിലുടനീളം അവര്‍ വിവിധ സംരംഭങ്ങള്‍ നടത്തുന്നുണ്ട്. രാജ്യത്തുടനീളമുള്ള ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്. താഴെത്തട്ടിലുള്ള വിഭാഗങ്ങളില്‍ പ്രത്യേക ഊന്നല്‍ നല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍. എല്ലാ തലങ്ങളിലുമുള്ള 22.9 ദശലക്ഷം കുട്ടികളിലേക്കും യുവാക്കളിലേക്കുമാണ് ഇതിന്റെ ഗുണങ്ങളെത്തിയത്.
തുടക്കം മുതല്‍ ഇന്ത്യയിലെ 22.9 ദശലക്ഷത്തിലധികം കുട്ടികളെയും യുവാക്കളെയും നിരവധി പ്രോഗ്രാമുകള്‍ സംഘടിപ്പിച്ച് ഇന്ത്യയുടെ കായിക വളര്‍ച്ചയെ നയിക്കുന്നതില്‍ റിലയന്‍സ് ഫൗണ്ടേഷന്‍ മുന്‍പന്തിയിലാണ്.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുമായുള്ള ദീര്‍ഘകാല പങ്കാളിത്തത്തിന്റെ ഭാഗമായി പാരിസ് ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് ചരിത്രത്തിലാദ്യമായി ഇന്ത്യ ഹൗസും റിലയന്‍സ് തുറക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."