ഒളിംപിക്‌സ് 2024: അത്‌ലറ്റുകള്‍ക്ക് മികച്ച സൗകര്യങ്ങളൊരുക്കി യു.എ.ഇ
ദുബൈ: ഒളിംപിക്‌സില്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര തലത്തില്‍ വിജയം കൈവരിക്കാന്‍ യു.എ.ഇ അത്‌ലറ്റുകള്‍ക്ക് പ്രോല്‍സാഹജനകമായ പിന്തുണ നല്‍കി കായിക മേഖലയെ പ്രേല്‍സാഹിപ്പിക്കുന്ന യു.എ.ഇ ഭരണ നേതൃത്വത്തെ ദുബൈ രണ്ടാം ഉപ ഭരണാധികാരിയും ദേശീയ ഒളിംപിക് കമ്മിറ്റി ചെയര്‍മാനുമായ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രശംസിച്ചു.
പുതിയ പ്രതിഭകളെ സൃഷ്ടിക്കുകയും മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഒരു കായിക വികസന മാതൃകക്കുള്ള ദേശീയ ഒളിംപിക് കമ്മിറ്റിയുടെ പ്രതിബദ്ധത നേതൃത്വത്തിന്റെ കാഴ്ചപ്പാടില്‍ പ്രതിഫലിക്കുന്നു. ദേശീയ അത്‌ലറ്റുകളുടെ പ്രകടനം മെച്ചപ്പെടുത്താനും ആഗോള വിജയം നേടാനും അതുവഴി യു.എ.ഇ പതാക ഉയര്‍ത്താനും ഈ മാതൃക ലക്ഷ്യമിടുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാരീസില്‍ നടക്കുന്ന 33ാമത് ഒളിംപിക്‌സില്‍ അത്‌ലറ്റുകള്‍ക്ക് മികച്ച സൗകര്യങ്ങളും സപ്പോര്‍ട്ടിങ് ടീമുകളും ഉണ്ടെന്നുറപ്പാക്കാന്‍ യു.എ.ഇയുടെ ദേശീയ സംഘത്തിന് ശൈഖ് അഹ്മദ് നിര്‍ദേശം നല്‍കി. 2024ലെ ഗെയിംസിനായി ദേശീയ സംഘത്തെ തയാറാക്കാന്‍ സഹായിച്ചതിന് ദേശീയ കായിക സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. കഴിഞ്ഞ 40 വര്‍ഷത്തെ ഒളിംപിക്‌സില്‍ യു.എ.ഇ അത്‌ലറ്റുകളുടെ നേട്ടങ്ങളെ ശൈഖ് അഹ്മദ് അഭിനന്ദിച്ചു. അവരുടെ കഠിനാധ്വാനവും നേട്ടങ്ങളും രാജ്യത്തിന് ശാശ്വതമായ മതിപ്പ് സൃഷ്ടിച്ചുവെന്ന് അദ്ദേഹം പ്രസ്താവിച്ചു.
2024ലെ പാരീസ് ഒളിംപിക്‌സില്‍ യു.എ.ഇ ഒളിംപിക് ഹൗസ് എന്ന ആശയം യു.എ.ഇ ദേശീയ ഒളിംപിക് കമ്മിറ്റി പ്രദര്‍ശിപ്പിക്കുന്നു. ദേശീയ പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും വിളക്കുമാടമെന്ന നിലയില്‍ അതിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നു. ദേശീയ സംഘത്തെ പിന്തുണക്കുന്നതില്‍ സ്‌പോര്‍ട്‌സ്, പൊതു സ്ഥാപനങ്ങള്‍ നടത്തുന്ന പ്രയത്‌നങ്ങള്‍ക്കും യു.എ.ഇ സ്ഥാപനങ്ങളെയും കേഡറുകളെയും ശൈഖ് അഹ്മദ് പ്രശംസിച്ചു.
2004 ഏതന്‍സ് ഒളിംപിക്‌സില്‍ ശൈഖ് അഹ്മദ് ബിന്‍ ഹാഷര്‍ അല്‍ മക്തൂമിന്റെ സ്വര്‍ണ മെഡല്‍, 2016 ഒളിംപിക്‌സില്‍ സെര്‍ജിയു തോമയുടെ വെങ്കല മെഡല്‍ എന്നിങ്ങനെയുള്ള ശ്രദ്ധേയമായ നേട്ടങ്ങള്‍ രേഖപ്പെടുത്താനും ഒളിംപിക് സ്വപ്നം പിന്തുടരാനും അത്‌ലറ്റുകള്‍ക്ക് ആവശ്യമായ വിഭവങ്ങള്‍ നല്‍കാന്‍ ശൈഖ് അഹ്മദ് പ്രതിനിധി സംഘത്തോട് നിര്‍ദേശിച്ചു.
14 അത്‌ലറ്റുകളും 24 അഡ്മിനിസ്‌ട്രേറ്റര്‍മാരും സാങ്കേതിക വിദഗ്ധരും തെറാപ്പിസ്റ്റുകളും ഉള്‍പ്പെടുന്ന യു.എ.ഇ സംഘമാണ് പാരീസ് ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്. കുതിര സവാരി, ജൂഡോ, സൈകഌങ്, നീന്തല്‍, അത്‌ലറ്റിക്‌സ് എന്നീ അഞ്ച് ഇനങ്ങളിലാണ് കായിക താരങ്ങള്‍ മത്സരിക്കുക. ഇക്വസ്ട്രിയന്‍ ടീം ഷോ ജമ്പിങ് മത്സരത്തില്‍ പങ്കെടുക്കും.
അഞ്ച് പുരുഷ താരങ്ങളും ഒരു വനിതാ താരവും ഉള്‍പ്പെടുന്നതാണ് ദേശീയ ജൂഡോ ടീം. സൈകഌങ്ങില്‍ ഒളിംപിക്‌സിന് യോഗ്യത നേടുന്ന ആദ്യ എമിറാത്തി അത്‌ലറ്റായ സഫിയ അല്‍ സയേഗ് റോഡ് റേസ് ഇനത്തില്‍ യു.എ.ഇയെ പ്രതിനിധീകരിക്കും. നീന്തല്‍ താരം യൂസഫ് റാഷിദ് അല്‍ മത്‌റൂഷി 100 മീറ്റര്‍ ഫ്രീ സ്‌റ്റൈലിലും മഹാ അബ്ദുല്ല അല്‍ ഷിഹ്ഹി 200 മീറ്റര്‍ ഫ്രീ സ്‌റ്റൈലിലും മര്‍യം മുഹമ്മദ് അല്‍ ഫാര്‍സി 100 മീറ്റര്‍ സ്പ്രിന്റിലും മത്സരിക്കും.
വെള്ളിയാഴ്ച നടക്കുന്ന ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ഉമര്‍ അല്‍ മര്‍സൂഖിയും സഫിയ അല്‍ സയേഗും യു.എ.ഇ പതാകയേന്തും. സെയ്ന്‍ നദിയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങ് 3 മണിക്കൂര്‍ 45 മിനിറ്റ് നീണ്ടുനില്‍ക്കും. ഉദ്ഘാടന ഒളിംപിക്‌സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്റ്റേഡിയത്തിന് പുറത്ത് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."