ഗർഭിണിയായ കുതിരയ്ക്ക് നേരെ യുവാക്കളുടെ ക്രൂരത; കെട്ടിയിട്ട് കൂട്ടം ചേർന്ന് തല്ലി അവശയാക്കി
കൊല്ലം: കൊല്ലം പള്ളിമുക്കിൽ ഗർഭിണിയായ കുതിരയ്ക്ക് നേരെ യുവാക്കളുടെ ക്രൂരത. കുതിരയെ തല്ലി അവശയാക്കിയ സംഘം കടുത്ത ക്രൂരതയാണ് കുതിരക്ക് നേരെ നടത്തിയത്. വടക്കേവിള സ്വദേശിയായ എം. ഷാനവാസിൻറെ ഉടമസ്ഥതയിലുള്ള നാല് വയസുകാരിയായ ദിയ എന്ന കുതിരയാണ് അതിക്രൂര ആക്രമണത്തിന് ഇരയായത്.
ക്ഷേത്ര പരിസരത്ത് കെട്ടിയിട്ടിരുന്ന കുതിരയ്ക്ക് നേരെയാണ് യുവാക്കൾ അക്രമം നടത്തിയത്. അയത്തിൽ തെക്കേകാവ് ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ കുതിരയെ ക്ഷേത്ര ഭാരവാഹികളുടെ അനുമതിയോടെയാണ് കെട്ടിയിട്ടിരുന്നതെന്ന് ഷാനവാസ് പറഞ്ഞു. കാറിലെത്തിയ അഞ്ചംഗ സംഘമാണ് കുതിരയെ മർദിച്ചത്. വടികൊണ്ട് കുതിരയെ പൊതിരെ തല്ലിയിട്ടുണ്ട്. അടിയിൽ കുതിരയുടെ ദേഹമാസകലം അടിയേറ്റ് നീരുവെച്ചിട്ടുണ്ട്. കണ്ണിനും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടയാണ് സംഭവം ഉണ്ടായത്. കുതിരയെ അവശ നിലയിൽ കണ്ടെങ്കിലും സംഭവം എന്താണെന്ന് മനസ്സിലായിരുന്നില്ല. പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് കണ്ണില്ലാത്ത ക്രൂരത പുറത്തറിയുന്നത്. ആക്രമിക്കാൻ ഉണ്ടായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. എന്നാൽ സിസിടിവി ദൃശ്യത്തിൽ നിന്നും അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
അതേസമയം, പരുക്കേറ്റ കുതിരയെ ജില്ലാ മൃഗാശുപത്രിയിലെത്തിച്ചു ചികിത്സ നൽകി. സംഭവത്തിൽ ഇരവിപുരം പൊലിസിൽ പരാതി നൽകിയതായി കുതിരയുടെ ഉടമ ഷാനവാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."