പാർലമെന്റിലെ ഇരുസഭകളും ഇന്ന് പുനരാരംഭിക്കും; ബജറ്റും വിദ്യാർഥികളുടെ മരണവും ചർച്ചയാകും
ന്യൂഡൽഹി: പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് പുനരാരംഭിക്കും. ബജറ്റ് ചർച്ചകളാണ് ലോക്സഭയിലും രാജ്യസഭയിലും ഇന്ന് പ്രധാന അജണ്ട. നീറ്റ് അടക്കമുള്ള വിവിധ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് ഇരു സഭകളിലും ഉന്നയിക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ലോക്സഭയിൽ സംസാരിക്കും. ഡൽഹി കോച്ചിങ് സെന്ററിലെ മരണം ചർച്ചയാകും. കർണാടകയിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ സംബന്ധിച്ച കാര്യങ്ങൾ കേരളത്തിൽ നിന്നുള്ള എംപിമാർ ഉന്നയിക്കും .
ഡൽഹിയിലെ സിവിൽ സർവീസ് അക്കാദമിയിൽ ഉണ്ടായ വെള്ളക്കെട്ടിൽ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ച വിഷയം ഇന്ന് പാർലമെന്റിൽ പ്രധാന വിഷയമായി ഉയരും. രാജ്യതലസ്ഥാനത്തെ ഡ്രെയിനേജ് സിസ്റ്റം പോലും കാര്യക്ഷമമല്ലെന്ന ആരോപണം പ്രതിപക്ഷം ഉന്നയിക്കും. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എം.പി സ്വാതി മാലി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ സഖ്യത്തിൽ നിന്നുള്ള മറ്റുചില എം.പിമാരും വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാന അജണ്ടയായ ബജറ്റ് ചർച്ചയ്ക്ക് വരുമ്പോൾ വിവിധ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ കാണിച്ച് അവഗണക്കെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിക്കും. അവഗണന നേരിട്ട സംസ്ഥാനനത്ത് നിന്നുള്ള എം.പിമാർ അതാത് വിഷയം ഉന്നയിക്കും. എൻ.ഡി.എ മുന്നണിയിലെ സഖ്യകക്ഷികൾക്ക് വാരിക്കോരി നൽകിയ ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിച്ചേക്കും.
ഇന്നത്തെ പാർലമെന്റ് സെഷന് മുന്നോടിയായി എൻ.ഡി.എയുടെയും ഇൻഡ്യ മുന്നണിയുടെയും നേതൃയോഗങ്ങളും പാർലമെന്റിൽ നടക്കും. നിലവിലെ സമ്മേളനം ഓഗസ്റ്റ് 12നായിരിക്കും അവസാനിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."