രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വീണ്ടും മണ്ണിടിച്ചില്‍; വെള്ളര്‍മല ജിവിഎച്ച്എസ് പൂര്‍ണമായി മുങ്ങി
കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിടത്ത് രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ നടക്കുന്നു. അതിനിടെ വെള്ളര്‍മല ജിവിഎച്ച്എസ് പൂര്‍ണമായി മുങ്ങി. പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം ഏറെ ദുഷ്‌ക്കരമാണ്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയില്‍ ഉരുള്‍പ്പൊട്ടിയത്. പരിക്കേറ്റ 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒറ്റപെട്ടവരെയെല്ലാം സുരക്ഷിതമാക്കി പുറത്ത് എത്തിക്കാനാണ് ശ്രമങ്ങള്‍ നടത്തുന്നത്. നിരവധി പേരെ കണ്ടെത്താനുണ്ടെന്ന് നാട്ടകാര്‍ പറയുന്നു. മുണ്ടകൈ, ചുരല്‍മല, അട്ടമല ഭാഗങ്ങളില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മൂന്ന് തവണ മണ്ണിടിഞ്ഞുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നേരം പുലര്‍ന്നതോടെ ഓരോ വീടുകളിലും കയറിയുള്ള രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വലിയ രീതിയില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടാവുകയും ചെയ്തു. രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഓടിരക്ഷപ്പെട്ടു. നിരവധി വാഹനങ്ങള്‍ ഒഴുകിപോയി. വീടുകളിലും വെള്ളവും ചെളിയും കയറി.
മുണ്ടക്കൈ പുഞ്ചിരി മട്ടം ഭാഗത്തുനിന്ന് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ വലിയ ശബ്ദത്തോടെ ഉരുള്‍പൊട്ടിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇന്നലെ പുഞ്ചിരി മട്ടം മുണ്ടക്കൈ ഭാഗത്ത് നിന്ന് കുറച്ച് കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു. മുണ്ടക്കൈ മലയില്‍ കഴിഞ്ഞദിവസം മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ആളുകളെ ഒഴിപ്പിച്ചിരുന്നത്. ഇന്നലെ തന്നെ മുണ്ടക്കൈ പുഴയില്‍ വലിയ കുത്തൊഴുക്കും മലവെള്ളപ്പാച്ചിലും രൂപപ്പെട്ടിരുന്നു. വയനാട്ടില്‍ അതിശക്തമായ മഴ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."