ഗള്‍ഫിന്റെ ആകാശം കീഴടക്കാന്‍ ഇലക്ട്രിക് വിമാനങ്ങള്‍
ഗള്‍ഫ് രാജ്യങ്ങളില്‍ ഏറെ പ്രചാരമുള്ള ഒന്നാണ് എയര്‍ടാക്‌സി സര്‍വീസ്. ഈ മേഖലയിലേക്ക് കൂടുതലായി ഇലക്ട്രിക് വിമാനങ്ങള്‍ കടന്നു വരുന്നു. പരീക്ഷണങ്ങള്‍ തെളിയിക്കുന്നത് ഇലക്ട്രിക് കാറുകള്‍ പോലെ ബാറ്ററിയില്‍ പറക്കുന്ന ചെറുവിമാനങ്ങള്‍ ഗള്‍ഫിന്റെ ആകാശങ്ങളിലെ നിത്യകാഴ്ചയായി മാറുമെന്നാണ്. ദുബൈയിലെ പ്രധാന എയര്‍ടാക്‌സി സര്‍വീസ് ധാതാക്കളാണ് എയര്‍ ചാറ്റു. യൂറോപ്യന്‍ നിര്‍മ്മാതാക്കളായ ക്രിസാലിയോണ്‍ മൊബൈലിറ്റിയില്‍ നിന്ന് പത്ത് പുതിയ ഇലക്ട്രിക് വിമാനങ്ങള്‍ക്ക് കമ്പനി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇലക്ട്രിക് ചെറുവിമാനങ്ങള്‍ക്ക് യു.എ.ഇയിലെയും സൗദിയിലെയും എയര്‍ടാക്‌സി മേഖലയില്‍ പ്രിയമേറുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അടുത്തടുത്തുള്ള നഗരങ്ങള്‍ക്കിടയില്‍ പറക്കാന്‍ ഇലക്ട്രിക് ടാക്‌സികള്‍ ഫലവത്താണ് ഇക്കാരണം കൊണ്ടുതന്നെ ചെറുവിമാനങ്ങള്‍ക്ക് ആവശ്യകത വര്‍ധിച്ചു വരികയാണ്. നിലവിലുള്ള ബാറ്ററി ശേഷി അനുസരിച്ച് 130 കിലോമീറ്റര്‍ വരെ പറക്കാന്‍ ഇലക്ട്രിക് വിമാനങ്ങള്‍ക്ക് സാധിക്കും. ബാറ്ററി ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങളും നടന്നു വരികയാണ്. നഗരങ്ങള്‍ അടുത്തടുത്ത് കിടക്കുന്നതിനാല്‍ യു.എ.ഇയില്‍ ഈ സര്‍വീസ് കൂടുതല്‍ പ്രയോജനകരമാകുമെന്നാണ് കണ്ടെത്തല്‍. റോഡുകളിലെ ട്രാഫിക് ജാമുകളില്‍ സമയം നഷ്ടപ്പെടുമ്പോള്‍ ബിസിനസുകാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും വേഗത്തില്‍ ലക്ഷ്യത്തിലെത്താന്‍ ഈ വിമാനങ്ങള്‍ സഹായകരമാകും.
പൈലറ്റ് ഉള്‍പ്പടെ ആറു പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന തരത്തിലാണ് ഈ വിമാനങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ദുബൈയിലെ കൊറിയര്‍ കമ്പനികള്‍ നിലവില്‍ ഇലക്ട്രിക് വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ യാത്രാവിമാനങ്ങളായി ഉപയോഗിക്കുന്നത് വളരെ വിരളമാണ്. ഭാരം കുറഞ്ഞ വസ്തുക്കള്‍ വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാമെന്നതിനാല്‍ കാര്‍ഗോ മേഖലയിലും ഇത് വിജയമാണ്. നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത് അനുസരിച്ച് സാധാരണ വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ജെറ്റ് ഫ്യുവലിനെ അപേക്ഷിച്ച് ഇലക്ട്രിക് വിമാനങ്ങളിലെ യാത്രാ ചിലവ് കുറവാണ്. എയര്‍ടാക്‌സി സേവനദാതാക്കളെ ചെറുവിമാനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന്റെ പ്രധാന കാരണം ഇന്ധന ചിലവിലെ ഈ മാറ്റമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."