മലബാറിലെ പ്ലസ്ടു സീറ്റുകള്‍; സര്‍ക്കാരിനു തിരിച്ചടി
കൊച്ചി: മലബാറിലെ ഹയര്‍ സെക്കന്‍ഡറി സീറ്റ് സംബന്ധിച്ച് വിദ്യാഭ്യാസ ആവശ്യകത പരിഗണിക്കാതെ നടത്തുന്ന സര്‍ക്കാരിന്റെ പ്രഹസനങ്ങള്‍ക്ക് കോടതിയില്‍ തിരിച്ചടി. വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനം സാധ്യമാകാത്ത തരത്തില്‍ വടക്കന്‍ ജില്ലകളിലെ ഹയര്‍ സെക്കന്‍ഡറി സീറ്റുകളില്‍ വലിയ തോതില്‍ കുറവുണ്ടാവുകയും വന്‍ പ്രതിഷേധം ഉയരുകയും ചെയ്തിട്ടും വിദ്യാഭ്യാസ വകുപ്പിന്റെ ഇക്കാര്യത്തിലെ നിസംഗതയാണ് ഹൈക്കോടതി നിരീക്ഷണത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.
മലപ്പുറം, പാലക്കാട് ജില്ലകളില്‍ മതിയായ സീറ്റുകള്‍ ലഭ്യമാണോയെന്ന കാര്യത്തില്‍ വിദ്യാഭ്യാസ ആവശ്യകതയുടെ അടിസ്ഥാനത്തില്‍ 15 ദിവസത്തിനകം പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞ മെയ് മാസത്തില്‍ ഹരജി പരിഗണിക്കവേ കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍(ആര്‍.ഡി.ഡി) നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫയലുകള്‍ പരിശോധിച്ച കോടതി റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നാണ് വാക്കാല്‍ നിരീക്ഷണം നടത്തിയത്. തുടര്‍ന്നാണ് മലപ്പുറം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.
ഹയര്‍ സെക്കന്‍ഡറി സീറ്റുകളുടെ അപര്യാപ്തത സംബന്ധിച്ച് സര്‍ക്കാറിലേക്ക് അയച്ച റിപ്പോര്‍ട്ടിന്റെ വിശദീകരണം നല്‍കാന്‍ ഈ മാസം 14ന് നേരിട്ട് ഹാജരാകാനാണ് ജസ്റ്റിസ് ടി.ആര്‍ രവിയുടെ നിര്‍ദേശം. മതിയായ പഠനം നടത്തുകയോ വിദ്യാഭ്യാസ ആവശ്യകത പരിശോധിക്കുകയോ ചെയ്യാതെയാണ് വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയതെന്നും കോടതി വ്യക്തമാക്കി.തുടര്‍ന്നാണ് ഇക്കാര്യത്തില്‍ നേരിട്ട് വിശദീകരണം തേടിയിരിക്കുന്നത്.
2023 24 വര്‍ഷം മലബാര്‍ മേഖലയില്‍ വിജ്ഞാപനം ചെയ്യാതെ 97 സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി അധിക ബാച്ചുകള്‍ അനുവദിച്ചെങ്കിലും വിദ്യാഭ്യാസ ആവശ്യകത പരിഗണിക്കാതെയാണിതെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം എ.ആര്‍ നഗര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ ഒ.വി ഉസ്മാന്‍ കുരിക്കിളും വിവിധ സ്‌കൂള്‍ മാനേജ്‌മെന്റുകളും നല്‍കിയ ഹരജികളാണ് കോടതി പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."