ബിഹാറിലെ ബാബ സിദ്ധേശ്വര് നാഥ് ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും ഏഴ് മരണം; നിരവധിപേർക്ക് പരുക്ക്
ന്യൂഡൽഹി: ബിഹാർ ജെഹാനാബാദ് ജില്ലയിലെ സിദ്ധനാഥ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് മരണം. മരിച്ചവരിൽ ആറ് പേർ സ്ത്രീകളും ഒരാൾ പുരുഷനുമാണ്. 35 ലേറെ പരുക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ ഒരുമണിയോടെ പ്രത്യേക പൂജ നടക്കുന്ന സമയത്താണ് അപകടമുണ്ടായത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.
ബീഹാറിലെ ജെഹാനാബാദ് ജില്ലയിലെ വാനവർ കുന്നുകളിലാണ് ബാബ സിദ്ധേശ്വര് നാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സാവൻ മാസത്തിലെ നാലാമത്തെ തിങ്കളാഴ്ച പുലർച്ചെ നടക്കുന്ന പ്രത്യേക പ്രാർഥനയിൽ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉടൻ സദർ, മഖ്ദുംപൂർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി മുതൽ ക്ഷേത്രത്തിൽ വൻ ജനക്കൂട്ടം തടിച്ചുകൂടാൻ തുടങ്ങിയെന്നും തുടർന്ന് തിങ്കളാഴ്ച പുലർച്ചെ അവിടെ നിയന്ത്രിക്കാനാകാത്ത തിക്കും തിരക്കും ഉണ്ടായതായും ദൃക്‌സാക്ഷികൾ പറഞ്ഞു. ഇതിനിടെ സുരക്ഷക്കായി നിയോഗിച്ച ദേശീയ കേഡറ്റ് കോർപ്‌സ് തിരക്ക് നിയന്ത്രിക്കാൻ ഭക്തർക്ക് നേരെ വടി വീശിയെന്നും ഇതോടെ ആളുകൾ പേടിച്ച് ഓടുകയുമാണ് ഉണ്ടായതെന്നും അവിടെ ഉണ്ടായിരുന്നവർ പറയുന്നു. സംഭവത്തിൽ പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."