സഹായധനത്തില്‍ നിന്ന് ഇ.എം.ഐ പിടിച്ചു; കേരള ഗ്രാമീണ്‍ ബാങ്കിനെതിരെ യുവജനസംഘടനകളുടെ പ്രതിഷേധം, സംഘര്‍ഷം
കല്‍പ്പറ്റ : വയനാട്ടിലെ ദുരിതബാധിതര്‍ക്കുളള സര്‍ക്കാരിന്റെ അടിയന്തിര ധനസഹായം അക്കൗണ്ടില്‍ വന്നതിന് പിന്നാലെ വായ്പാ ഇ.എം.ഐ പിടിച്ച സംഭവത്തില്‍ കേരളാ ഗ്രാമീണ്‍ ബാങ്കിനെതിരെ പ്രതിഷേധം ശക്തം. യുവജന സംഘടനകളുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയിലെ ഗ്രാമീണ ബാങ്കിന്റെ റീജിയണല്‍ ഓഫീസ് ഡി.വൈ.എഫ്.ഐയും യൂത്ത് കോണ്‍ഗ്രസും ഉപരോധിച്ചു.
സ്ഥലത്ത് വന്‍ തോതില്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധക്കാരും പൊലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് ,യൂത്ത് ലീഗ്, യുവമോര്‍ച്ച അടക്കം സംഘടനകളാണ് ബാങ്കിന് മുന്നില്‍ പ്രതിഷേധിക്കുന്നത്.
മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടപെട്ടവര്‍ക്ക് അടിയന്തര ധനസഹായമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 10,000 രൂപയില്‍ നിന്നും ബാങ്കിന്റെ വായ്പ കുടിശ്ശികയിലേക്ക് ഇഎംഐ പിടിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
ഇന്നു രാവിലെ എട്ട് മണിയോടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ബാങ്ക് ഓഫിസിന് മുന്നില്‍ എത്തിയത്. എന്നാല്‍ പൊലീസ്, ബാങ്ക്ലേക്ക് കടക്കുന്നത് തടയാന്‍ ഷട്ടറുകള്‍ അടച്ചു. ഷട്ടറിന് മുന്നില്‍ കുത്തിയിരുന്നായിരുന്നു ഡി.വൈ.എഫ്.ഐ പ്രതിഷേധം. തുടര്‍ന്ന് ഒന്‍പതു മണിയോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബാങ്കിന് മുന്നില്‍ പ്രതിഷേധവുമായി എത്തി.
സംഭവം വിവാദമായതോടെ, ദുരിതബാധിതര്‍ക്ക് സര്‍ക്കാരില്‍നിന്ന് സഹായധനമായി നല്‍കിയ 10,000 രൂപയില്‍നിന്ന് പിടിച്ചെടുത്ത തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഉത്തരവിറക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."