ടെലി മാർക്കറ്റിങ് കോൾ: യു.എ.ഇയിൽ പുതിയ നിയമം ഇന്നു മുതൽ
ദുബൈ: ടെലി മാർക്കറ്റിങ്ങ് കോളുകൾ ശല്യവുമായി മാറുന്നുവെന്ന പരാതി നിലനിൽക്കെ, ഇത്തരം പ്രവണതകൾ ഒഴിവാക്കാൻ പുതിയ നിയമം ഇന്ന് യു.എ.ഇയിൽ നടപ്പാകും. 2024ലെ 57 ആം നമ്പർ ക്യാബിനറ്റ് തീരുമാന പ്രകാരമാണ് പുതിയ നിയമം പ്രാബല്യത്തിലാക്കുന്നത്.
ഇതിലെ പ്രധാന വ്യവസ്ഥകൾ ഇവയാണ്: രാവിലെ 9 മുതൽ 6 വരെ മാത്രമേ വിളിക്കാവൂ. ആദ്യ കോളിൽ തന്നെ സേവനമോ ഉത്പന്നമോ നിരാകരിച്ചാൽ അതേ ദിവസം തന്നെ വീണ്ടും വിളിക്കരുത്. സേവനമോ ഉത്പന്നമോ സ്വീകരിക്കുന്നതിന് വേണ്ടി സമ്മർദമോ തന്ത്രങ്ങളോ പ്രയോഗിക്കരുത്.
നിയമം ലംഘിച്ചാൽ 5,000 മുതൽ 150,000 വരെ പിഴ ചുമത്തും. അനുമതിയില്ലാതെ പ്രവർത്തിക്കുന്നവർക്ക് ആദ്യ തവണ 75,000 ദിർഹം, രണ്ടാം തവണ 1 ലക്ഷം ദിർഹം, മൂന്നാം തവണ ഒന്നര ലക്ഷം ദിർഹം എന്നിങ്ങനെയാണ് പിഴ ചുമത്തുക. ടെലി മാർക്കറ്റിങ്ങ് ജോലി ചെയ്യുന്നവർക്ക് ശരിയായ പരിശീലനം നൽകിയില്ലെങ്കിൽ 10,000 മുതൽ 50,000 ദിർഹം വരെ പിഴ ഈടാക്കുന്നതാണ്. സ്ഥാപനത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്യാത്ത നമ്പറുകളിൽ നിന്ന് വിളിച്ചാൽ 25,000 മുതൽ 75,000 ദിർഹം വരെയാണ് പിഴ ചുമത്തുക.
വിളിക്കുന്നവരുടെ രജിസ്റ്റർ സൂക്ഷിച്ചില്ലെങ്കിൽ 50,000 ദിർഹം വരെയും പിഴ ഈടാക്കുമെന്നും ഇതുസംബന്ധിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. വിളിക്കാൻ പാടില്ലാത്തവരുടെ പട്ടികയിൽ ഉള്ളവരെ മാർക്കറ്റിങ്ങ് ലക്ഷ്യത്തോടെ വിളിച്ചാൽ ഒന്നര ലക്ഷം ദിർഹം വരെ പിഴ ഒടുക്കണം. കോൾ റെക്കോർഡ് ചെയ്യുന്ന കാര്യം അറിയിക്കുന്നതിൽ വീഴ്ച വരുത്തിയാൽ 10,000 മുതൽ 30,000 ദിർഹം വരെ പിഴ അടിക്കുമെന്നും അധികൃതർ വിശദീകരിച്ചു.
പ്രതിമാസ റിപ്പോർട്ട് നൽകുന്നതിൽ പരാജയപ്പെട്ടാൽ 30,000 ദിർഹം നൽകേണ്ടി വരും. ഉപയോക്താവിന്റെ ആവശ്യ പ്രകാരം ഫോൺ നമ്പറും മറ്റ് വിവരങ്ങളും സംബന്ധിച്ച സ്രോതസ്സ് വെളിപ്പെടുത്തിയില്ലെങ്കിൽ 75,000 വരെ പിഴ നൽകണം. ഈ രീതിയിൽ കർശനമായ ശിക്ഷയാണ് നിയമം ലംഘിക്കുന്ന കമ്പനികൾക്ക് ലഭിക്കുന്നത്. അനധികൃത മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ടു വിളിക്കുന്ന വ്യക്‌തികൾക്ക് ആദ്യ തവണ 5,000 ദിർഹം പിഴ ചുമത്തും.
പിഴത്തുക അടക്കുന്നത് വരെ ഇയാളുടെ പേരിലുള്ള ലാൻഡ് ലൈൻ, മൊബൈൽ ഫോൺ കണക്ഷൻ മൂന്ന് മാസത്തേക്ക് വിച്ഛേദിക്കും. രണ്ടാം തവണ ആവർത്തിച്ചാൽ 20,000 ദിർഹം പിഴ ചുമത്തുകയും കണക്ഷൻ വിച്ഛേദിക്കുകയും ചെയ്യും. ഒരു മാസത്തിനിടെ മൂന്നാം തവണയും ആവർത്തിച്ചാൽ 50,000 ദിർഹം പിഴ ഈടാക്കും. നിയമ ലംഘകർക്ക് രാജ്യത്തെ ടെലികോം സേവന ദാതാക്കളുടെ സേവനം ലഭിക്കുകയില്ല. ഈ വിധത്തിൽ, ഈ മേഖലയിൽ സമൂല പരിഷ്കരണമാണ് സർക്കാർ കൊണ്ട് വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."