പജീറോയും സൈന്യവും
ഓഫ് റോഡ് ഡ്രൈവിങ്ങ് രംഗത്തെ താരങ്ങളിലൊന്നായ പജീറോയും നമ്മുടെ സൈന്യവുമായുള്ള ഇരിപ്പുവശം എങ്ങനെയാണ്. കുന്നും മലമടക്കുകളും പുഷ്പം പോലെ താണ്ടാന്‍ കഴിയുന്ന പജീറോയില്‍ എത്തി നുഴഞ്ഞുകയറാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ക്ക് നേരെ സൈന്യം രണ്ടു പൊട്ടിക്കുന്നതൊക്കെ നമ്മള്‍ ഭാവനയില്‍ കാണും. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ഉയരം കൂടിയ ഹിമാലയന്‍ മേഖലയില്‍ സൈന്യത്തിന്റെ പജീറോകള്‍ പല പ്രശ്‌നങ്ങളും നേരിടുന്നതാണ് കാരണം.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന വടക്കു കിഴക്കന്‍ മേഖലയിലെ ഉപയോഗത്തിനായി സൈന്യം പജീറോ എസ്. എഫ്. എക്‌സ് മോഡലുകള്‍ വാങ്ങിയത്. മറുവശത്ത് ചൈന ഈ വാഹനം ഉപയോഗിക്കുന്നതായിരുന്നു കാരണം.
കിഴക്കന്‍ ഹിമാലയ മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ പല വാഹനങ്ങള്‍ക്കും എന്‍ജിനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വരുന്നതാണ് സൈന്യത്തിന് തലവേദനയുണ്ടാക്കുന്നത്. ഇവയില്‍ ചില വാഹനങ്ങള്‍ തിരിച്ചു കൊല്‍ക്കൊത്തയിലെത്തിച്ച് സൈന്യത്തിന്റെ ഈസ്‌റ്റേണ്‍ കമാന്‍ഡിന്റെ ആസ്ഥാനത്ത് ഉപയോഗിക്കുകയാണ് ഇപ്പോള്‍.
മറുവശത്ത് ചൈനീസ് പട്ടാളത്തിന്റെ കൈവശവമുള്ള പജീറോകള്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലാതെ ചൈനീസ് ലിബറേഷന്‍ ആര്‍മി പട്രോളിങ്ങിന് ഉപയോഗിക്കുന്നുണ്ട്. ഇവിടെ ഇത്തരം പ്രശ്‌നങ്ങള്‍ക്കു കാരണം ഡീസല്‍ കട്ടിയാകുന്നതും നിലവാരമില്ലാത്ത ഡീസല്‍ ഉപയോഗിക്കുന്നതുമാണെന്നു പജീറോയുടെ നിര്‍മാതാക്കളായ മിസ്തുബുഷി മോട്ടോര്‍സ് പറയുന്നു.
മേഖലയിലെ കുറഞ്ഞ താപനിലയില്‍ ഡീസല്‍ കട്ടിയാകാതിരിക്കാതിരിക്കാനുള്ള ആന്റി ഫ്രീസ് അഡിറ്റീവ്‌സ് ഉപയോഗിക്കാത്തതും കാരണമാണെന്നും അവര്‍ചൂണ്ടിക്കാട്ടുന്നു. അതേസമയം സൈന്യത്തിന്റെ മാരുതി ജിപ്‌സികളും മഹീന്ദ്ര ജീപ്പുകളും ഇവിടെ കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലാതെ പട്രോളിങ്ങ് ഡ്യൂട്ടിയിലുണ്ട്.
ദുര്‍ഘടമേഖലകളിലെ സൈനികരുടെ പട്രോളിങ്ങ് കുറച്ചെങ്കിലും ആയാസ രഹിതമാക്കുന്നതിനാണ് സൈന്യം ഹൈടെക് എസ്.യു.വികളിലേക്ക് ചുവടുമാറിയത്. എന്നാല്‍ ആധുനിക കോമണ്‍റെയില്‍ ടര്‍ബോ ഡീസല്‍ എന്‍ജിനുകള്‍ക്കും അവയിലെ സെന്‍സറുകള്‍ക്കും മറ്റും ഹിമാലയന്‍ മേഖല പാരയായിത്തീരുന്നതാണ് സൈന്യത്തിനു തലവേദന.
പജീറോയ്ക്കു പുറമേ ടൊയോട്ട ഫോര്‍ച്യുണറുകളും ഫോര്‍ഡ് എന്‍ഡവറുകളും ഈ മേഖലയുടെ അതിര്‍ത്തി സംരക്ഷണ ചുമതലയുള്ള ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് ഉപയോഗിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."