പെട്രോളിന് 5 ദിര്‍ഹം കുറയും
ദോഹ: അടുത്ത മാസം പെട്രോളിന് ലിറ്ററിന് അഞ്ചു ദിര്‍ഹം കുറയുമെന്ന് ഊര്‍ജവ്യവസായ മന്ത്രാലയം അറിയിച്ചു. സപ്റ്റംബര്‍ 1 മുതല്‍ 91ഒക്ടേന്‍ പ്രീമിയം പെട്രോളിന് 1.30 റിയാല്‍ ആയിരിക്കും വില. നിലവില്‍ ലിറ്ററിന് 1.35 റിയാലാണ്.
ലിറ്ററിന് 1.45 ഉള്ള സൂപ്പര്‍ 95ഒക്ടേന്‍ ഗാസോലിന് 1.40 ആയി മാറും. ഡീസലിന്റെ വില ലിറ്ററിന് നിലവിലുള്ള 1.40 റിയാല്‍ എന്ന നിലയില്‍ തുടരുമെന്നും മന്ത്രാലയം വെബ്സൈറ്റില്‍ അറിയിച്ചു.
പുതിയ വിലക്കുറവോടെ പെട്രോള്‍ വില ജൂലൈയിലെ നിരക്കിലെത്തും. വിലയില്‍ അനുഭവപ്പെടുന്ന കുറവ് വളരെ ചുരുങ്ങിയതാണെങ്കിലും ജീവിതച്ചെലവ് ഉയരുന്ന സാഹചര്യത്തില്‍ ഖത്തര്‍ നിവാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്ന വാര്‍ത്തയാണിത്.
ഖത്തറിന് സമാനമായി വിപണിക്ക് അനുസരിച്ച് വിലയില്‍ മാറ്റം വരുത്തുന്ന യുഎഇയില്‍ സപ്റ്റംബറില് പെട്രോള്‍ വില വര്‍ധിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
വിലയില്‍ കുറവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ വര്‍ഷം ആദ്യത്തെ വിലയുമായി താരമ്യപ്പെടുത്തുമ്പോള്‍ ഇന്ധനത്തിന് ഇപ്പോഴും ചെലവ് കൂടുതലാണ്.
ഈ വര്‍ഷം ആദ്യത്തില്‍ അപ്രതീക്ഷിതമായാണ് പെട്രോളിന് 30 ശതമാനം വിലവര്‍ധിപ്പിച്ചത്. പുതിയ വില നിലവില്‍ വരും മുമ്പ് വാഹനത്തിന്റെ ടാങ്കുകള്‍ നിറക്കുന്നതിന് അന്ന് പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ അനുഭവപ്പെട്ടിരുന്നു.
പിന്നീട് മാസങ്ങള്‍ കഴിഞ്ഞാണ് ആഗോള വിലക്കനുസരിച്ച് ഖത്തറിലെ ഇന്ധനവിലയില്‍ മാറ്റം വരുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വന്‍ സബ്സിഡി നല്കി ഇന്ധന വില സ്ഥിരമായി പിടിച്ചു നിര്‍ത്തുന്ന നിലപാടില്‍ നിന്നുള്ള മാറ്റമായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."