നിങ്ങളുറങ്ങുമ്പോള്‍ വായില്‍നിന്ന് ഉമിനീര്‍ വരാറുണ്ടോ? എങ്കില്‍ നിസാരമായി കാണല്ലേ
ഒരു മനുഷ്യന് ഏറ്റവും പ്രധാനമാണ് ഉറക്കം. അത് കിട്ടിയില്ലെങ്കിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നമ്മള്‍ അനുഭവിക്കുന്നവരുമാണ്. ശരാശരി ഒരു മനുഷ്യന്‍ 7-8 മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് ശാസ്ത്രം. ചിലര്‍ക്ക് ഉറക്കം കിട്ടില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നാല്‍ പോലും. ചിലര്‍ക്ക് ഉറക്കം കൂടുതലാവുന്നതാണ് പ്രശ്‌നം.
ഇതെന്തുമാവട്ടെ, ഉറക്കം കുറവുള്ളവരും കൂടുതല്‍ ഉള്ളവരും ഒരുപോലെ അനുഭവിക്കുന്ന പ്രശ്‌നമാണ് ഉറക്കത്തില്‍ വായില്‍ നിന്നു ഉമിനീര്‍ ഒലിച്ചിറങ്ങുക എന്നത്. സാധാരണ ഗതിയില്‍ പകല്‍ സമയത്ത് ഉമിനീരിന്റെ ഉല്‍പാദനം വര്‍ധിക്കുകയും രാത്രിയില്‍ കുറയുകയുമാണ് ചെയ്യുക. എന്നാല്‍ ചിലര്‍ക്ക് രാത്രി ഉറങ്ങുമ്പോഴും ഉമിനീര്‍ വായില്‍ ഉല്‍പാദിപ്പിക്കും.
ഉറക്കത്തില്‍ നിരന്തരമായി ഇങ്ങനെ ഉമിനീര്‍ ഒലിച്ചിറങ്ങുന്നത് നല്ലതല്ല. കാരണം ഇത് മോശം ആരോഗ്യത്തിന്റെ ലക്ഷണമാണ്. ഇത് നിര്‍ജലീകരണം, അസ്വസ്ഥത, വായ്‌നാറ്റം എന്നിവയെല്ലാം ഉണ്ടാക്കുന്നു. രാത്രിയില്‍ നമ്മള്‍ ഉറങ്ങുമ്പോള്‍ വായയുടെ ഭാഗത്തുള്ള മസിലുകള്‍ റിലാക്‌സ്ഡ് ആവും. അപ്പോള്‍ വായ അറിയാതെ തന്നെ തുറന്നു പോകാനും ഇടയുണ്ട്. ഇത്തരം സന്ദര്‍ഭത്തിലാണ് ഈ ഉമിനീര്‍ പുറത്തേക്കു പോവുക. പ്രത്യേകിച്ചും കിടക്കുന്ന പൊസിഷന്‍ അനുസരിച്ചായിരിക്കും.
ചരിഞ്ഞു കിടന്നാലോ കമിഴ്ന്ന് കിടന്നാലോ ഇത്തരം സാധ്യത കൂടുന്നതാണ്. ഇത് രോഗാവസ്ഥയല്ലെങ്കിലും ചില രോഗങ്ങളുടെ ലക്ഷണമാവാം. സൈനസ്, മൂക്കടപ്പ് പോലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ മൂക്കിലൂടെ ശ്വാസോച്ഛാസം നടത്താന്‍ ബുദ്ധിമുട്ടാവുകയും ശ്വാസം എടുക്കുന്നത് വായിലൂടെയുമാവും.
വായ തുറന്നിരിക്കുന്ന ഇത്തരം അവസ്ഥയില്‍ വായിലൂടെ ഉമിനീര്‍ പോകാന്‍ സാധ്യതയേറെയാണ്. കൂര്‍ക്കം വലി, സ്ലീപ് ആപ്നിയ പോലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇത്തരത്തില്‍ വായിലൂടെ ഉമിനീര്‍ പുറത്തു പോകാവുന്നതാണ്. (ഉറക്കത്തില്‍ ശ്വാസം നിലയ്ക്കുന്ന രോഗാവസ്ഥയാണ് സ്ലീപ് ആപ്നിയ). ഉറക്കെയുള്ള കൂര്‍ക്കംവലി, ശ്വാസംമുട്ടുന്നത് പോലെയുണ്ടാകുന്ന ശബ്ദങ്ങള്‍, ദിവസം മുഴുവനുമുള്ള ക്ഷീണം എന്നിവയെല്ലാമാണ് സ്ലീപ് ആപ്നിയയുടെ ലക്ഷണങ്ങളാണ്.
ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ റീഫ്‌ളക്‌സ് ഡിസോഡര്‍ എന്നതിന്റെ ചുരുക്കമാണ് ജെര്‍ഡ്. ഈ ദഹനപ്രശ്‌നം അന്നനാളിയുടെ ഉള്ളിലെ ആവരണത്തിന് ക്ഷതമേല്‍പ്പിക്കുന്നത് വഴി വയറിലെ വസ്തുക്കള്‍ അന്നനാളിയിലൂടെ തിരികെ കയറി വരാന്‍ ഇടയാവും. എന്തെങ്കിലും വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, തൊണ്ടയില്‍ എന്തോ തടഞ്ഞിരിക്കുന്ന പോലെ തോന്നുക, ചുമ എന്നിവയെല്ലാം ജെര്‍ഡ് മൂലം ഉണ്ടാവാം. ചിലരില്‍ അത് അമിതമായ ഉമിനീര്‍ ഉത്പാദനത്തിലേക്കും നയിക്കുന്നു.
നമ്മുടെ വയറില്‍ നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍, ഏമ്പക്കം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇത്തരം പ്രശ്‌നമുണ്ടാകാവുന്നതാണ്. വയററിലെ ആസിഡ് മുകളിലേയ്ക്ക് വന്ന് ഇത് ഉമിനീര്‍ ഗ്രന്ഥികളെ ഉത്തേജിപ്പിയ്ക്കുന്നതു കാരണവും ഇങ്ങനെയുണ്ടാകാം. പക്ഷാഘാതം, പാര്‍ക്കിന്‍സണ്‍സ്, കുട്ടികളില്‍ കണ്ടുവരുന്ന ഡൗണ്‍ സിന്‍ഡ്രോം, ഓട്ടിസം എന്നിവയെല്ലാം വായിലൂടെ ഉമിനീര്‍ വരുന്നതിന് കാരണമാകാം.
ആഹാരം വിഴുങ്ങുമ്പോള്‍ ഉണ്ടാവുന്ന അവസ്ഥകളില്‍ ബുദ്ധിമുട്ട് ഉള്ളവരിലും ഇത്തരം അവസ്ഥ കാണാറുണ്ട്. ഇവരിലും ഉമിനീര്‍ വായില്‍ ഊറി നില്‍ക്കും. ഇതും പലപ്പോഴും ഉറക്കത്തില്‍ പുറത്തേക്ക് വരുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് നല്ലതു പോലെ ചവച്ചരച്ച് മാത്രമേ ആഹാരം കഴിക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
ഇതിനു പരിഹാരമായി ചെറു ചൂടുവെള്ളത്തില്‍ വായ കഴുകുകയും പല്ലു തേക്കുകയും ചെയ്യുന്നത് ഗുണം ചെയ്യും. ഇത് വായില്‍ അമിതമായി ഉണ്ടാകുന്ന ഉമിനീരിന്റെ ഉത്പാദനം കുറയ്ക്കുന്നു. മാത്രമല്ല മോണപഴുപ്പ് പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവരിലും ഇത്തരത്തില്‍ ഉമിനീരിന്റെ ഉത്പാദനം കൂടുതലാവാം. അതുകൊണ്ട് ഇത്തരത്തില്‍ ഉമിനീര്‍ വരുന്നവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."