ശുചിത്വ ഭാരത മിഷന്‍ ജില്ലയില്‍ നിര്‍മിക്കുന്നത് 13981 ശുചിമുറികള്‍
മാനന്തവാടി: കേന്ദ്രസര്‍ക്കാരിന്റെ ശുചിത്വ ഭാരത മിഷന്‍ പദ്ധതി പ്രകാരം ജില്ലയില്‍ നിര്‍മിക്കുന്നത് 13981 ശുചിമുറികള്‍. ഒക്ടോബര്‍ രണ്ടിന് മുന്‍പായി നിര്‍മാണം പൂര്‍ത്തിയാക്കി നവംബര്‍ ഒന്നിന് സമ്പൂര്‍ണ ശുചിത്വ ജില്ലയായി പ്രഖ്യാപിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
ഇതിനോടകം പഞ്ചായത്തുകളിലെ ഗുണഭോക്താക്കളെ കണ്ടെത്തി നിര്‍മാണ കരാറുകള്‍ വയ്ക്കുകയും നിര്‍മാണം ആരംഭിക്കുകയും ചെയ്തതായി ജില്ലാ ശുചിത്വ മിഷന്‍ അസി.കോര്‍ഡിനേറ്റര്‍ അറിയിച്ചു.
9100 ഗുണഭോക്താക്കളുമായുള്ള കരാറാണ് ഇതിനോടകം ഒപ്പ് വച്ചത്. എന്നാല്‍ ജില്ലയിലെ നഗരസഭകളിലെ ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ ആനുകൂല്യം ഇപ്പോള്‍ ലഭ്യമാവില്ല. മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ നഗരസഭകളിലായി ആയിരത്തോളം പേര്‍ക്ക് ശുചിമുറികള്‍ ഇല്ലെന്നാണ് കണ്ടെത്തിയത്.
കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ടീച്ചര്‍മാര്‍ എന്നിവരാണ് ജില്ലയില്‍ വീടിനോടനുബന്ധിച്ച് ശുചിമുറികളില്ലാത്ത കുടുംബങ്ങളുടെ കണക്കെടുപ്പ് നടത്തിയത്.
ശുചിമുറി നിര്‍മിക്കുന്നതിനായി 15,400 രൂപയാണ് അനുവദിക്കുന്നത്. ഇതില്‍ ഗ്രാമപഞ്ചായത്തുകള്‍ 3400 രൂപയും ബാക്കി 12000 രൂപ കേന്ദ്രസര്‍ക്കാരും നല്‍കും.
ജലനിധി പദ്ധതികള്‍ നടന്നുകൊണ്ടിരിക്കുന്ന പഞ്ചായത്തുകളില്‍ മുഴുവന്‍ തുകയും അതാത് ഏജന്‍സികള്‍ മുഖേനകേന്ദ്രം വഹിക്കും.
ജില്ലയില്‍ നിലവില്‍ പത്ത് പഞ്ചായത്തുകളിലാണ് ജലനിധി നടപ്പിലാക്കി വരുന്നത്. എന്നാല്‍ നഗരസഭകളില്‍ 5333 രൂപ മാത്രമാണ് കേന്ദ്രം നല്‍കുക. ബാക്കി തുക കണ്ടെത്തി 2017 മാര്‍ച്ചിന് മുമ്പായി നഗരസഭകളിലും ഇത് പൂര്‍ത്തിയാക്കാനാണ് തീരുമാനം.
ജില്ലയില്‍ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ബഹുഭൂരിഭാഗവും ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."