ഷാർജയിലെ ആദ്യ സ്വതന്ത്ര കടൽജല ശുദ്ധീകരണ പദ്ധതി യാഥാർഥ്യമാകുന്നു : 14 ലക്ഷം പേർക്ക് ശുദ്ധജലം ലഭിക്കും
ഷാർജ: ഷാർജയിലെ ആദ്യ സ്വതന്ത്ര കടൽ ജല ശുദ്ധീകരണ പദ്ധതി യാഥാർഥ്യമാകുന്നു. സഊദി അറേബ്യയിലെ എ.സി.ഡബ്ലിയു.എ പവറുമായി ഇത് സംബന്ധിച്ച കരാറിൽ ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സീവ) ഒപ്പുവച്ചു. എമിറേറ്റിലെ വർധിച്ച് വരുന്ന കുടിവെള്ള ആവശ്യത്തിന് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
സീവാട്ടർ റിവേഴ്‌സ് ഓസ്മോസിസ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കടൽ വെള്ളം ശുദ്ധീകരിക്കുന്നത്. 2027 രണ്ടാം പാദമാകുമ്പോഴേക്കും പ്രതിദിനം 272,000 ക്യുബിക് മീറ്റർ വെള്ളം ശുദ്ധീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. 2028 മൂന്നാം പാദത്തിൽ പൂർണ പ്രവർത്തന ശേഷി കൈവരിക്കുന്നതോടെ പ്രതിദിനം 410,000 ക്യുബിക് മീറ്റർ കുടിവെള്ളം ഉൽപ്പാദിപ്പിക്കാനുമാകും .
1.4 മില്യൺ പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വൻ മുതൽമുടക്കിൽ അൽ ഹംരിയ്യയിലാണ് പുതിയ സാങ്കേതിക വിദ്യയിൽ പദ്ധതി യാഥാർഥ്യമാകുന്നതെന്ന് സീവ ഡയരക്ടർ ജനറൽ അബ്ദുള്ള അബ്ദുൽ റഹ്മാൻ അൽ ഷംസി പറഞ്ഞു. പദ്ധതിയുടെ ഭാഗമാവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് എ.സി.ഡബ്ലി.യു.എ പവർ സി.ഇ. ഒ മാർക്കോ ആർസെല്ലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."