എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കണ്ടത് വി.ഡി സതീശന് വേണ്ടിയെന്ന് അന്‍വര്‍; പുനര്‍ജനി കേസില്‍ സഹായിക്കാമെന്ന് ധാരണ
മലപ്പുറം എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാര്‍ ആര്‍.എസ്.എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് വേണ്ടിയാണെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഡി.ജി.പിയും ആര്‍.എസ്.എസുമായുള്ള കൂടിക്കാഴ്ചയുടെ കുറ്റം മുഖ്യമന്ത്രി പിണറായിക്ക് മേല്‍ ചാര്‍ത്തി രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. എ.ഡി.ജി.പിക്ക് ആര്‍.എസ്.എസുമായും യു.ഡി.എഫുമായും ബന്ധമുണ്ട്. കോണ്‍ഗ്രസിലെ ഒരുവിഭാഗം ആര്‍.എസ്.എസിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
'എം.ആര്‍. അജിത് കുമാര്‍-ആര്‍.എസ്.എസ്. നേതാവ് കൂടിക്കാഴ്ച വി.ഡി. സതീശന്‍ വെളിപ്പെടുത്തത്തിന് മുമ്പ് എനിക്ക് വിവരം ലഭിച്ചു. വിവരം എനിക്ക് ലഭിച്ചത് അജിത് കുമാറിന്റെ സൈബര്‍ സംഘം അറിഞ്ഞു. അപ്പോഴാണ് ഇവര്‍ തമ്മില്‍ ഗൂഢാലോചന നടത്തി പ്രതിപക്ഷ നേതാവ് അടിയന്തര പത്രസമ്മേളനം നടത്തിയത്. പി.വി. അന്‍വറിന് വിവരം ലഭിച്ചിരിക്കുന്നു, വെളിപ്പെടുത്താന്‍ പോകുന്നു. ഇതിന് നേരെ വിപരീതമായി, പിണറായി വിജയന്റെ ആവശ്യപ്രകാരം എ.ഡി.ജി.പിയെ ബി.ജെ.പിക്ക് സീറ്റുണ്ടാക്കിക്കൊടുക്കാന്‍ പിണറായി വിജയന്‍ പറഞ്ഞുവെന്ന ആരോപണം ഉന്നയിച്ചു', അന്‍വര്‍ പറഞ്ഞു.
പുനര്‍ജനി കേസില്‍ സഹായിക്കാമെന്ന് അവര്‍ തമ്മില്‍ നേരത്തേ ധാരണയുണ്ട്. അതുകൊണ്ട് തൃശ്ശൂരില്‍ ഒരു സീറ്റ് നല്‍കി സഹായിച്ചു. കോണ്‍ഗ്രസിന്റെ വോട്ടാണ് പൂര്‍ണ്ണമായും അവിടെ ബി.ജെ.പിയിലേക്ക് പോയതെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി. പൊലിസില്‍ തനിക്ക് നല്ല വിശ്വാസമുണ്ട്. എന്നാല്‍, 10 ശതമാനം ക്രിമിനലുകളാണ് ജില്ലയിലെ കാര്യങ്ങള്‍ മുഴുവന്‍ കൈകാര്യംചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
'പൊന്നാനി സ്വദേശിനിയുടെ മൊഴിയില്‍ പൊലിസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തില്ല, എന്നാല്‍, ഇടതുപക്ഷ എം.എല്‍.എയായ മുകേഷിനെതിരെ പത്തുവര്‍ഷം മുമ്പ് തോണ്ടി, പിടിച്ചു എന്നൊക്കെയുള്ള ആരോപണത്തില്‍ കേസെടുത്തത് എന്ത് അടിസ്ഥാനത്തിലാണ്. സ്വന്തം നാട്ടില്‍ ഉത്തരവാദപ്പെട്ട പാര്‍ട്ടി നേതാക്കളുടേയും പൊതുപ്രവര്‍ത്തകരുടേയും വനിതാനേതാക്കളുടേയും സാന്നിധ്യത്തില്‍, മാധ്യമപ്രവര്‍ത്തകനുമുന്നില്‍ ഒരു സ്ത്രീ മണിക്കൂറുകളോളം സ്വന്തം അനുഭവങ്ങള്‍ വിവരിച്ചിട്ടും, എസ്.പിക്ക് പരാതി കൊടുത്തിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."