തിരുവനന്തപുരം വിമാനത്താവളത്തിൽ ജീവനക്കാർ സമരത്തിൽ; വിമാനങ്ങൾ വൈകുന്നു, ലഗേജ് കിട്ടാൻ മണിക്കൂറുകൾ കാത്തിരിപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഗ്രൗണ്ട് ഹാൻഡലിംങ് ജീവനക്കാരുടെ സമരത്തെ തുടർന്ന് വിമാനങ്ങൾ വൈകുന്നു. രാജ്യാന്തര സർവിസുകൾ ഉൾപ്പെടെ വൈകുന്നതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി. വിമാനങ്ങൾ റദ്ദാക്കിയിട്ടില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനങ്ങൾ വൈകുന്നതിൽ യാത്രക്കാർ പ്രതിഷേധം ഉയർത്തുന്നുണ്ട്. എയർ ഇന്ത്യ സാറ്റ്സിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് വിഭാഗം കരാർ തൊഴിലാളികളാണ് വിമാനത്താവളത്തിൽ പണിമുടക്കുന്നത്.
തൊഴിലാളികളുടെ വേതനവും ബോണസും നിഷേധിക്കുന്ന എയർ ഇന്ത്യ സാറ്റ്സ് മാനേജ്‌മെൻറിനെതിരെ സംയുക്ത സമരവുമായാണ് കരാർ തൊഴിലാളികൾ രംഗത്തുള്ളത്. കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി മാനേജ്‌മെന്റ് ശമ്പള പരിഷ്‌കരണം നടത്താതിനെ തുടർന്നാണ് സമരം. മാനേജ്‌മെന്റ് തൊഴിലാളി വിരുദ്ധ സമീപനമാണ് തുടരുന്നതെന്ന് സംയുക്ത സമരസമിതി പറഞ്ഞു. സമരവുമായി മുന്നോട്ട് പോകുമെന്നാണ് തെഴിലാളികളുടെ നിലപാട്.
തൊഴിലാളികളുടെ സമരത്തെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾ വൈകുന്നത് തുടരുകയാണ്. നിലവിൽ 8 സർവിസുകൾ വൈകിയെന്ന് അധികൃതർ അറിയിച്ചു. രാജ്യാന്തര സർവിസുകൾ പുറപ്പെടാൻ 40 മിനിറ്റ് വരെ കാലതാമസം നേരിട്ടു. 4.40ന് ദുബായിൽ നിന്ന് തിരുവനന്തപുരത്തെത്തിയ എയർ ഇന്ത്യ എക്സ്പ്രസിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കാൻ 20 മിനിറ്റ് വൈകി. എന്നാൽ യാത്രക്ക് പുറത്തെത്തിയിട്ടും ലഗേജ് കിട്ടാൻ മണിക്കൂറുകൾ വൈകുന്നതാണ് യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നത്. ലഗേജ് ലഭിക്കാൻ ഒന്നര മണിക്കൂറും അതിലേറെയും വൈകുന്നതായി യാത്രക്കാർ പറയുന്നു.
എന്നാൽ, ചില സർവിസുകളിൽ അര മണിക്കൂർ താമസം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണ് വിമാനത്താവള അധികൃതരുടെ വിശദീകരണം. സമരം ചെയ്യുന്ന ജീവനക്കാർക്ക് പകരം ജീവനക്കാരെ നിയോഗിച്ച് ജോലി നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, 400 ഓളം ജീവനക്കാരാണ് പണിമുടക്കിൽ പങ്കെടുക്കുന്നതെന്ന് സമര സമിതി അറിയിച്ചു. ആറുമാസം മുമ്പുതന്നെ ആവശ്യങ്ങൾ ഉന്നയിച്ച് കമ്പനിക്ക് നോട്ടിസ് നൽകിയെങ്കിലും ഇതു വരെ യാതൊരു നടപടിയും ഉണ്ടാകാത്തതിനാലാണ് സമരത്തിലേക്ക് നീങ്ങിയതെന്ന് തൊഴിലാളികൾ പറയുന്നു. റീജണൽ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ പല തവണ ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സമരം യാത്രക്കാരെ ബാധിക്കുന്നതിൽ വിഷമമുണ്ടെന്നും വിഷയത്തിൽ മാനേജ്‍മെന്റ് ഉടൻ അനുകൂല തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സമര സമിതി പറഞ്ഞു.
Flights at Thiruvananthapuram Airport, including international services, are experiencing delays due to a strike by ground handling staff. Passengers are facing significant difficulties, although airport authorities have confirmed that no flights have been canceled. The delays have led to growing protests from frustrated travelers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."