ഓണക്കാലത്ത് വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നു: മന്ത്രി ജി.ആര്‍ അനില്‍
തിരുവനന്തപുരം: ഓണക്കാലത്ത് ഉണ്ടാകാനിടയുള്ള വിലക്കയറ്റം തടയാന്‍ ഫലപ്രദമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് എന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍. എഎവൈ (മഞ്ഞ) കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും വയനാട് ദുരിതബാധിത മേഖലയിലെ എല്ലാ കുടുംബങ്ങള്‍ക്കും ഉള്ള സൗജന്യ ഓണക്കിറ്റിന്റെ സംസ്ഥാനതല വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സാമ്പത്തിക പ്രയാസം ഉണ്ടെങ്കിലും വിലക്കയറ്റത്തെ അതിജീവിക്കാനുള്ള ഇടപെടലാണ് വിവിധ വകുപ്പുകളിലൂടെ സര്‍ക്കാര്‍ നടത്തുന്നത്. പരമാവധി മെച്ചപ്പെട്ട നിലയിലാണ് ഇത്തവണ റേഷന്‍ കടകളിലൂടെ സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ കര്‍ഷകര്‍ ഉത്പാദിപ്പിച്ച ചമ്പാവരി വിതരണം ചെയ്യുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. എഎവൈ കാര്‍ഡുകാര്‍ക്ക് നല്‍കുന്ന 30 കിലോ അരിയില്‍ 50% ചമ്പാവരി നല്‍കാനാണ് തീരുമാനം. 55 ലക്ഷത്തോളം വരുന്ന നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ അരി അധികമായി ഇത്തവണ നല്‍കും. ഓണക്കിറ്റ് നല്‍കാനായി 34.29 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവെച്ചത്. സപ്ലൈകോ വഴിയുള്ള ഉല്‍പ്പന്ന വിതരണത്തോട് ജനങ്ങളുടെ ഭാഗത്തു നിന്നും നല്ല പ്രതികരണമാണുള്ളതെന്നും മന്ത്രി പറഞ്ഞു.
587,574 എഎവൈ കാര്‍ഡ് ഉടമകള്‍ക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും വയനാട് ദുരിതബാധ മേഖലയിലെ എല്ലാ കുടുംബങ്ങള്‍ക്കും ആണ് സൗജന്യ ഓണക്കിറ്റ് നല്‍കുന്നത്. പേരൂര്‍ക്കട ബാപ്പുജി ഗ്രന്ഥശാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വി.കെ പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. വിവിധ തദ്ദേശഭരണ പ്രതിനിധികള്‍, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."